കാസർകോട്: സിൽവർലൈൻ പദ്ധതിയെ വീണ്ടും രൂക്ഷമായി വിമർശിച്ച് മനുഷ്യാവകാശ പരിസ്ഥിതി പ്രവർത്തക മേധ പട്‌കർ. പദ്ധതി സിൽവർ ലൈൻ അല്ല ഡാർക്ക് ലൈൻ ആണെന്നും നന്ദിഗ്രാമിലെ സാഹചര്യം സർക്കാരിന് ഓർമ വേണമെന്നും മേധ പട്‌കർ സൂചിപ്പിച്ചു. രണ്ട് പ്രളയം ഉണ്ടായ നാടാണ് കേരളം. അപ്പോഴാണ് മതിലുകെട്ടി സിൽവർ ലൈൻ പദ്ധതി നടപ്പാക്കാൻ ശ്രമിക്കുന്നത്. പദ്ധതിയിൽ സർക്കാരിന് തന്നെ വ്യക്തതയില്ലെന്നും മേധ പട്‌കർ കൂട്ടിച്ചേർത്തു.
നേരത്തെ സിൽവർലൈൻ പദ്ധതിയ്‌ക്ക് എതിരെ സെക്രട്ടേറിയറ്റിന് മുന്നിൽ കെ റെയിൽ-സിൽവർലൈൻ വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിലും മേധ പട്‌കർ പങ്കെടുത്തിരുന്നു. പദ്ധതി ജലാശയങ്ങളെയും പ്രകൃതിയെയും നശിപ്പിക്കുമെന്നും കല്ലിടൽ സർവേയും പൊലീസ് അക്രമവും തന്നെ ഞെട്ടിപ്പിച്ചുവെന്നും മേധ പട്‌കർ അന്ന് പറഞ്ഞിരുന്നു.
പ്രകൃതി സംരക്ഷണ പോരാട്ടങ്ങളിൽ സിപിഎം എന്നും ഒപ്പമുണ്ടായിരുന്നു, എന്നാൽ അവർ ഇപ്പോൾ കെ റെയിലിനെ പിന്തുണയ്ക്കുന്നു. ജനകീയ സമരം നടക്കുമ്പോൾ മുഖ്യമന്ത്രി മൗനം വെടിയണമെന്നും മേധ പട്‌കര്‍ പറഞ്ഞിരുന്നു.