കാസർകോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ യുഡിഎഫ് അടിത്തറ ഭദ്രമെന്ന് എംസി കമറുദ്ദീന്‍ എംഎല്‍എ. മുന്നണിയില്‍ മഞ്ചേശ്വരം സീറ്റ് വെച്ച് മാറുന്ന പ്രശ്‌നമില്ല. ബിജെപി ഏറെ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്ന മണ്ഡലത്തില്‍ കെ സുരേന്ദ്രന്‍ തന്നെ സ്ഥാനാര്‍ഥിയാകുമെന്ന പ്രചാരണങ്ങള്‍ക്കിടെയാണ് യുഡിഎഫ് മേല്‍ക്കൈ നേടുമെന്ന എംഎല്‍എയുടെ പ്രതികരണം. സമീപകാല നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രമെടുത്താല്‍ 2006 ലൊഴികെ എല്ലായ്‌പോഴും യുഡിഎഫിനോട് ചേര്‍ന്ന് നിന്ന മഞ്ചേശ്വരം മണ്ഡലത്തില്‍ എതിര്‍ സ്ഥാനാര്‍ഥികള്‍ ആരായാലും ഇക്കുറിയും വിജയമുറപ്പെന്നാണ് സിറ്റിങ് എംഎല്‍എയുടെ അവകാശവാദം.
2016ല്‍ 89 വോട്ടുകള്‍ക്ക് എംഎല്‍എ സ്ഥാനം നഷ്ടമായ കെ സുരേന്ദ്രന്‍ തന്നെ വീണ്ടും മഞ്ചേശ്വരത്ത് കളത്തിലിറങ്ങുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് എംസി കമറുദ്ദീന്‍റെ പ്രതികരണം. മഞ്ചേശ്വരത്ത് മത്സരം യുഡിഎഫും ബിജെപിയും തമ്മിലാണ്. മണ്ഡലത്തില്‍ മുസ്ലിം ലീഗിന്‍റെ അടിത്തറക്ക് കോട്ടങ്ങളൊന്നുമില്ലെന്നും എംഎല്‍എ എംസി കമറുദ്ദീന്‍ പറഞ്ഞു. ബിജെപിയുടെ വിജയയാത്രക്കായി ജില്ലയില്‍ എത്തിയ കെ. സുരേന്ദ്രന്‍ വിവിധ മേഖലയിലുള്ളവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ സമയമാണ് മഞ്ചേശ്വരത്ത് സുരേന്ദ്രന്‍ തന്നെ മത്സര രംഗത്തുണ്ടാകുമെന്ന ചര്‍ച്ചകള്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ സജീവമായതും. സുരേന്ദ്രന്‍ രംഗത്തിറങ്ങിയാല്‍ തുളുനാട്ടില്‍ താമര വിരിയുമെന്ന വികാരമാണ് പ്രവര്‍ത്തകര്‍ക്കുള്ളത്. ജില്ലയിലെ ഒരു വിഭാഗം നേതാക്കള്‍ക്കും സുരേന്ദ്രന്‍ മത്സരിക്കണമെന്ന അഭിപ്രായമാണുള്ളത്.
ഉപതെരഞ്ഞെടുപ്പില്‍ രവീശതന്ത്രി കുണ്ടാറിനെ സ്ഥാനാര്‍ഥിയാക്കിയതാണ് വലിയ പരാജയത്തിന് ഒരു കാരണമായതെന്ന വിലയിരുത്തലില്‍ നേരത്തെ തന്നെ നേതൃത്വം എത്തിയിരുന്നു. അതേസമയം മഞ്ചേശ്വരത്ത് എല്‍ഡിഎഫ് ബിജെപിയെ സഹായിക്കുകയാണെന്ന പൊതു വിമര്‍ശനം ഇതിനകം യുഡിഎഫ് ഉയര്‍ത്തിയിട്ടുണ്ട്. ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ മൂന്ന് മാസം ജയിലില്‍ കഴിയേണ്ട വന്ന സാഹചര്യത്തില്‍ കമറുദ്ദീന് പകരം യൂത്ത് ലീഗ് നേതാവും മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമായ എകെഎം അഷറഫ് മത്സരിക്കാനാണ് സാധ്യതയേറെയുള്ളത്.