കാസർകോട്: മഞ്ചേശ്വരം ബേക്കൂറിൽ ഉപജില്ല ശാസ്ത്രമേളയ്ക്കിടെ പന്തൽ തകർന്നുണ്ടായ അപകടത്തില്‍ നാലുപേര്‍ പിടിയില്‍. കരാറുകാരൻ ഉൾപ്പെടെയുള്ളവരെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റുചെയ്‌തത്. അശ്രദ്ധയിലുള്ള നിർമാണത്തിൽ കർശന നിയമ നടപടിയുണ്ടാവുമെന്ന് ജില്ല പൊലീസ് മേധാവി വൈഭവ് സക്സേന അറിയിച്ചു.
അതിനിടെ, അപകടത്തിൽ 59 പേര്‍ ചികിത്സ തേടിയതായാണ് ഔദ്യോഗിക കണക്ക്. 11 പേര്‍ കെഎസ് ഹെഗ്‌ഡെ ആശുപത്രി ദര്‍ലക്കട്ടയിലും, മൂന്ന് പേര്‍ മംഗളൂരു ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയിലും ഏഴുപേര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലും ചികിത്സയിലാണ്. ബാക്കിയുള്ളവര്‍ മംഗല്‍പാടി താലൂക്ക് ആശുപത്രിയില്‍ നിന്ന് പ്രഥമ ശുശ്രൂഷ തേടിയ ശേഷം മടങ്ങി.
ALSO READ| ഉപജില്ല ശാസ്ത്രമേളക്കിടെ പന്തൽ തകർന്ന് വീണു; 30 കുട്ടികൾക്കും അധ്യാപികയ്‌ക്കും പരിക്ക്
ചികിത്സയില്‍ കഴിയുന്ന ആരുടെയും നില ഗുരുതരമല്ലെന്ന് ജില്ല മെഡിക്കല്‍ ഓഫിസ് അറിയിച്ചു. അപകടം നടന്ന സ്ഥലം ജില്ല കലക്‌ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്, ഓഫിസര്‍ ഡോ. എവി രാംദാസ് എന്നിവര്‍ സന്ദര്‍ശിച്ചു. മംഗല്‍പാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയവരെയും കലക്‌ടര്‍ സന്ദര്‍ശിച്ചു.