കാസർകോട്: മലയാളത്തിന്‍റെ പ്രിയ കവയിത്രി നട്ട മാവ്. വികസനത്തിന്‍റെ പേരില്‍ ഒരു മഴുവിലൊടുങ്ങേണ്ടിയിരുന്ന 'പയസ്വിനി' ഇനി അടുക്കത്ത് ബയല്‍ ഗവണ്‍മെന്‍റ് ഹൈസ്‌കൂളില്‍ കുരുന്നുകള്‍ക്ക് തണലേകി വളരും. കാസർകോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് വേരോടെ പിഴുതെടുത്ത മരം അടുക്കത്ത് ഗവണ്‍മെന്‍റ് ഹൈസ്‌കൂള്‍ അങ്കണത്തില്‍ മാറ്റി നട്ടു.
2006 ഡിസംബറില്‍ തണൽ മരങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പരിപാടിക്കെത്തിയപ്പോഴാണ് സുഗതകുമാരി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് മാവിൻതൈ നട്ടത്. പയസ്വിനി എന്ന പേരിട്ടതും കവയിത്രി തന്നെ. ഏറെ ശാഖകളുള്ള മാവ് ഈ വർഷവും പൂത്തു, നിറയെ മാങ്ങയുമുണ്ടായി.
വേരോടെ പിഴുതെടുത്ത് മാറ്റി നട്ടു: ദേശീയ പാത വികസനത്തിന്‍റെ ഭാഗമായി പാതയോരത്തെ മരങ്ങൾ എല്ലാം മുറിച്ചു മാറ്റിയിരുന്നു. എന്നാൽ പ്രിയ കവയിത്രി നട്ട മാവിനെ മുറിക്കാൻ പരിസ്ഥിതി സ്നേഹികൾ തയ്യാറായില്ല. ഒടുവിൽ മാമ്പഴക്കാലം കഴിഞ്ഞാൽ മാറ്റി നടാം എന്ന് തീരുമാനിച്ചു.
അങ്ങനെയാണ് അടുക്കത്ത് ഗവണ്‍മെന്‍റ് ഹൈസ്‌കൂളിലേക്ക് മാവ് മാറ്റി നട്ടത്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മാവിൻചുവട്ടിലെ മണ്ണ് നീക്കി. തായ്‌വേരുകൾക്ക് പോറലേൽക്കാതിരിക്കാൻ ചുവട്ടിൽ നിന്ന് ഒന്നര മീറ്റർ മാറിയാണ് മണ്ണെടുത്തത്.
മരം ലോറിയിലേക്ക് മാറ്റുമ്പോൾ വേരിനോട് ചേർന്നിരിക്കുന്ന മണ്ണ് ഇളകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വലിയ ശിഖരങ്ങൾ മുറിച്ച് ക്രെയിൻ ഉപയോഗിച്ചാണ് മരം മാറ്റിയത്. പൂക്കൾ വാരി വിതറിയാണ് കുട്ടികൾ പയസ്വിനിയെ വരവേറ്റത്.
സാമൂഹിക വനവത്കരണ വിഭാഗം, ഊരാളുങ്കൽ ലേബർ കോൺട്രാക്‌റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി, കാസർകോട് പീപ്പിൾസ് ഫോറം എന്നിവയുടെ സഹകരണത്തോടെയായിരുന്നു മാറ്റിനടല്‍. ഓരോ മരങ്ങളും കൊലപാതകത്തിന് ഇരയാകുമ്പോൾ മരം നടാൻ ആയിരം കൈകൾ മുന്നോട്ട് വരുമെന്ന സുഗതകുമാരിയുടെ വാക്കുകള്‍ അങ്ങനെ സത്യമാകുകയാണ്.