ദക്ഷിണ കന്നഡ: കര്‍ണാടകയിലെ സൂറത്ത്‌കല്‍ സ്വദേശി ഫാസിലിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ആറ് പേര്‍ കൂടി പിടിയില്‍. ഉത്തര കന്നഡ, ബെംഗളൂരു ഉൾപ്പെടെ വിവിധ ഇടങ്ങളില്‍ നിന്നും ചൊവ്വാഴ്‌ചയാണ് (02.08.2022) പ്രതികളെ അറസ്റ്റ് ചെയ്‌തത്. ജൂലൈ 30 വരെ കേസില്‍ 21 പേരാണ് കസ്റ്റഡിയിലായത്.
എ.സി.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിൽ പൊലീസ്, പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ഫാസിലിന്‍റെ കുടുംബം ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇത്. അതേസമയം, കൊലപാതകത്തിന് ഉപയോഗിച്ച കാറിന്‍റെ ഉടമ അജിത് ക്രാസ്റ്റയെയും (40) പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ആത്മവിശ്വാസം പങ്കുവച്ച് പൊലീസ്: കൊലയാളി സംഘത്തെ കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ, കേസ് നല്ല രീതിയില്‍ മുന്നോട്ടുകൊണ്ടുപോവാന്‍ കഴിയുമെന്നാണ് ആത്മവിശ്വാസമെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ കൊലപാതക, വധശ്രമ കേസുകളില്‍ പ്രതിയായ സുഹാസിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിന് ഈ കേസുമായി പങ്കുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്. അതേസമയം, അറസ്റ്റിലായവരുടെ പേര് വിവരം ഇതുവരെ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടിട്ടില്ല. ഇതുമായി ബന്ധപ്പെട്ട വിവരം വൈകാതെ പൊലീസ് പുറത്തുവിട്ടേക്കും.
കൊലപാതകം, മുഖംമൂടി ധരിച്ചെത്തി: മംഗളൂരുവിൽ തുണിക്കട നടത്തുകയായിരുന്ന സൂറത്ത്‌കൽ മംഗലപ്പെട്ട സ്വദേശി ഫാസിൽ ജൂലൈ 28 നാണ് കൊല്ലപ്പെട്ടത്. കടയുടെ മുന്നിൽ വച്ചാണ് ഫാസിലിനെ വെട്ടിക്കൊലപ്പെടുത്തിയത്. മുഖംമൂടി ധരിച്ചെത്തിയ അഞ്ചംഗ സംഘമാണ് അക്രമം നടത്തിയതെന്നാണ് പൊലീസ് ആദ്യഘട്ടത്തില്‍ പുറത്തുവിട്ട വിവരം.
ALSO READ| മംഗളൂരു ഫാസില്‍ വധം: ഇതുവരെ കസ്റ്റഡിയിലായത് 21 പേർ, വ്യക്തിവൈരാഗ്യം സംബന്ധിച്ചും അന്വേഷണം
അതേസമയം, കൊലപാതകത്തിൽ നിഷ്‌പക്ഷമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. സ്വതന്ത്രമായി പൊലീസിന് അന്വേഷണം നടത്താനും കൊലപാതകികളെ പിടികൂടാനും കഴിയുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വ്യക്തമാക്കിയിരുന്നു.
ബി.ജെ.പി യുവമോർച്ച അംഗം പ്രവീൺ കുമാർ നെട്ടാരെയുടെ കൊലപാതകത്തിന് പിന്നാലെയാണ് ഫാസില്‍ വധമുണ്ടായത്. ബി.ജെ.പിയുടെ തിരിച്ചടിയാണ് സംഭവമെന്ന് ആരോപണം ഉയര്‍ന്നിരുന്നു.