കാസർകോട്: മംഗളൂരുവിലെ സൂറത്ത്‌കലിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ കാസർകോടും കണ്ണൂരും കടുത്ത ജാഗ്രത നിർദേശം. കൂടുതൽ പൊലീസിനെ ജില്ലകളിൽ വിന്യസിച്ചു. തലപ്പാടി അടക്കം അതിർത്തി മേഖലകളിൽ കർശന പരിശോധനയും നടക്കുന്നുണ്ട്.
അഞ്ഞൂറോളം പൊലീസുകാരെയാണ് കാസർകോട് മാത്രം വിന്യസിച്ചിട്ടുള്ളത്. അതേസമയം മംഗളൂരുവിൽ കൊല്ലപ്പെട്ട ഫാസിലിന്‍റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തു വന്നു. തലയ്‌ക്കും കഴുത്തിനും വെട്ടേറ്റതാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.
മംഗളൂരുവിൽ തുണിക്കട നടത്തുകയായിരുന്ന സൂറത്ത്‌കൽ മംഗലപ്പെട്ട സ്വദേശി ഫാസിൽ ഇന്നലെ(28.07.2022)യാണ് കൊല്ലപ്പെട്ടത്. കടയുടെ മുന്നിൽ വച്ചാണ് അക്രമികൾ ഫാസിലിനെ വെട്ടിക്കൊലപ്പെടുത്തിയത്. മുഖം മൂടി ധരിച്ചെത്തിയ അഞ്ചംഗ സംഘമാണ് അക്രമം നടത്തിയതെന്നും പൊലീസ് പറഞ്ഞു.
അക്രമികൾ എത്തിയ കാറിന്‍റെ നമ്പർ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം നടക്കുന്നത്. സംഘർഷ സാധ്യത കണക്കിലെടുത്ത് ഉന്നത ഉദ്യോഗസ്ഥരോട് മംഗളൂരുവിൽ ക്യാമ്പ് ചെയ്യാൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. മംഗളൂരുവിൽ നിരോധനാജ്ഞ തുടരുകയാണ്.
Also Read മംഗളൂരുവിലെ കൊലപാതകം: നിരോധനാജ്ഞ, പ്രാര്‍ഥന വീടുകളിലാക്കാൻ അഭ്യര്‍ഥന