കാസര്‍കോട്: ജില്ലയില്‍ ഇനി വിശക്കുന്ന വിദ്യാര്‍ഥികള്‍ ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെയുള്ള മധുരം പ്രഭാതം പദ്ധതിക്ക് തുടക്കമായി. കുട്ടികളുടെ സമഗ്രമായ വളര്‍ച്ചക്കും വികസനത്തിനും വേണ്ടിയുള്ള പദ്ധതി സംസ്ഥാനത്ത് തന്നെ ആദ്യമായാണ് നടപ്പിലാക്കുന്നത്. വീട്ടിലെ സാഹചര്യം കൊണ്ടും, സാമൂഹികമായ പിന്നോക്കാവസ്ഥ മൂലവും പ്രഭാത ഭക്ഷണം കഴിക്കാനാകാത്ത കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുക എന്നതാണ് മധുരം പ്രഭാതം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സ്‌കൂളുകളുടെ സമീപത്തുള്ള ഭക്ഷണ ശാലകള്‍, വ്യാപാരി വ്യവസായ സംഘടനകള്‍, അധ്യാപക രക്ഷാകര്‍തൃ സംഘടനകള്‍ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. 1600ഓളം വിദ്യര്‍ഥികള്‍ക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. പദ്ധതിയുടെ ഗുണഭോക്താക്കളായ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ പ്രധാനാധ്യാപകനല്ലാതെ മറ്റാരെയും അറിയിക്കാതെ രഹസ്യമായി സൂക്ഷിക്കും. പദ്ധതിയുടെ ഉദ്ഘാടനം എന്‍എ നെല്ലിക്കുന്ന് എംഎല്‍എ നിര്‍വ്വഹിച്ചു.
പദ്ധതിയിലുള്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഹോട്ടലുകളടക്കമുള്ള ഭക്ഷണശാലയിലേക്കുള്ള ടോക്കണുകള്‍ നല്‍കിയാണ് പ്രഭാതഭക്ഷണം ലഭ്യമാക്കുന്നത്. വിശപ്പ് സഹിക്കാന്‍ സാധിക്കാതെ ആവശ്യമായ പരിപാലനം ലഭിക്കുന്നില്ലെന്ന ചിന്ത കുട്ടികളെ പിന്നീട് സാമൂഹിക വിരുദ്ധരായി മാറുന്ന സാഹചര്യം കൂടി ഒഴിവാക്കുക എന്നതും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.