കാസർകോട്: നൂറ്റാണ്ടുകൾ പഴക്കമുള്ള മഡിയന്‍ കൂലോം ക്ഷേത്രത്തിലെ ദാരുശില്പങ്ങള്‍ക്ക് സംരക്ഷണമൊരുങ്ങുന്നു. മേല്‍ക്കൂര ചോര്‍ന്നും കരിപിടിച്ചും നശിച്ചുകൊണ്ടിരിക്കുന്ന ദാരുശില്പങ്ങള്‍ കാണാനായി മന്ത്രിതല സംഘം ക്ഷേത്രത്തിലെത്തി. സംരക്ഷണമില്ലാതെ നശിച്ചു കൊണ്ടിരിക്കുന്ന കാസർകോട്ടെ മഡിയന്‍ കൂലോം ക്ഷേത്രത്തിലെ ദാരുശില്പങ്ങള്‍ നേരിൽ കണ്ട ശേഷമാണ് സംരക്ഷണത്തിന് നടപടി സ്വീകരിക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരനും പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയും അറിയിച്ചത്.
സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കുകയോ ക്ഷേത്രം ഏറ്റെടുക്കുകയോ ചെയ്യുകയാണ് പുരാവസ്തു വകുപ്പിന്റെ നടപടി ക്രമം. ഇതിനായി ക്ഷേത്ര ഭരണ സമിതിയുടെ സമ്മതപത്രം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. ദാരുശില്‍പങ്ങളുടെ നിലവിലെ അവസ്ഥ പുരാവസ്തു വകുപ്പ് മന്ത്രിയുടെയും ടൂറിസം വകുപ്പ് മന്ത്രിയുടെയും ശ്രദ്ധയില്‍ കൊണ്ടു വന്നിട്ടുണ്ടെന്ന് റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. രണ്ട് വകുപ്പുകളും ഈ വിഷയത്തില്‍ സ്വീകരിക്കുന്ന നടപടികള്‍ യോജിച്ച് സര്‍ക്കാര്‍ തലത്തില്‍ പ്രവര്‍ത്തിക്കുമെന്നും മന്ത്രി ഇ ചന്ദ്രശേഖരൻ വ്യക്തമാക്കി. ക്ഷേത്രത്തിലെ ദാരുശില്‍പങ്ങള്‍ ഒരു മാസം മുന്‍പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ സന്ദര്‍ശിച്ചിരുന്നു. റവന്യൂ മന്ത്രിയുടെ നിയോജക മണ്ഡലത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.