കാസർകോട്: "അവന്‍റെ കൈയിൽ നിന്ന് ഭാഗ്യത്തിനാണ് ഭാര്യ രക്ഷപ്പെട്ടത്. ക്രൂരമായി ആക്രമിക്കപ്പെട്ടു. ശ്രീധരന്‍റെ കുഞ്ഞിനെ കൊല്ലുമെന്നാണ് ഭീഷണി"- മടിക്കൈ കാഞ്ഞിരപൊയിലിൽ കള്ളന്‍റെ ആക്രമണത്തിന് ഇരയായ വിജിതയുടെ ഭർത്താവ് അനിലിന്‍റെ വാക്കുകളാണ്.
ദിവസങ്ങളായി മടിക്കൈ ഗ്രാമം ഉറങ്ങിയിട്ടില്ല. കള്ളൻ അശോകൻ എന്ന സൈക്കോ അശോകനെ പിടികൂടാനുള്ള തിരച്ചിലിലാണ് പൊലീസും നാട്ടുകാരും. അഞ്ചുദിവസമായിട്ടും കള്ളൻ അശോകനെ കണ്ടെത്താൻ പൊലീസിനായില്ല. ദിവസങ്ങൾക്ക് മുൻപ് വീട്ടമ്മയെ ക്രൂരമായി ആക്രമിച്ചതോടെയാണ് നാട്ടുകാർ കൂടുതൽ ഭീതിയിലായത്.
ഭർത്താവിനോടുള്ള പക ആക്രമണത്തിന് കാരണം
വിജിതയെ ആക്രമിച്ചതിനുകാരണം മോഷണം മാത്രമായിരുന്നില്ല. ഭർത്താവിനോടുള്ള പകയും ഇതിനുപിന്നിലുണ്ട്. കുറച്ച് ദിവസം മുമ്പ് അനിലും സുഹൃത്ത് ശ്രീധരനും മറ്റുരണ്ടുപേരും കൂടി കാട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന അശോകനെ പിടികൂടാൻ ശ്രമം നടത്തിയിരുന്നു. അശോകന്‍റെ സുഹൃത്തായ മഞ്ജുനാഥൻ അന്ന് പിടിയിലായെങ്കിലും അശോകൻ ഓടി രക്ഷപ്പെട്ടു.
ഇതിൽ പ്രകോപിതനായ അശോകൻ അനിലിനെയും ശ്രീധരനെയും ആക്രമിക്കുന്നതിന് പകരം അവരുടെ കുടുംബത്തെ ആക്രമിക്കാനാണ് പദ്ധതി ഇട്ടത്. ഇതിന്‍റെ ഭാഗമായാണ് വിജിതയെ ആക്രമിച്ചത്.
വിജിതയെ പുറകിൽ നിന്നും തലയ്ക്ക് അടിച്ചുവീഴ്‌ത്തി. പിന്നീട് കേബിൾ വയറുകൊണ്ട് കഴുത്തിൽ കുരുക്കിട്ട് വലിച്ചുകൊണ്ടുപോയി. വലിയ കല്ലെടുത്ത് തലയിൽ ഇടാൻ ശ്രമിക്കുന്നതിനിടെ വിജിത അശോകന്‍റെ കാലിൽ വീണുകരഞ്ഞു. ഇതോടെ മനസ് മാറിയ അശോകൻ ആഭരണവുമായി കടന്നുകളയുകയായിരുന്നു.
താമസം കാട്ടിനുള്ളിൽ
മാംസ സംസ്‌കരണ ഫാക്‌ടറിക്കായി മാറ്റിവച്ച 400 ഏക്കര്‍ റവന്യൂ ഭൂമി സ്ഥലം കാടുമൂടി കിടക്കുകയാണ്. ഈ പ്രദേശത്താണ് അശോകന്‍ ഒളിച്ച് താമസിക്കുന്നത്. അശോകനെ കണ്ടെത്താൻ പൊലീസ് ഡ്രോണ്‍ പറത്തിയെങ്കിലും കണ്ടെത്താനായില്ല.
കറുകവളപ്പ് ഗ്രാമത്തിലെ കാട്ടില്‍ നാല് കിലോമീറ്ററിനകത്താണ് അശോകന്‍റെ മൊബൈല്‍ റേഞ്ച് കാണിക്കുന്നത്. വല്ല ഗുഹയിലും ആയിരിക്കും ഇയാള്‍ ഉള്ളതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഭക്ഷണം കിട്ടാതാകുമ്പോൾ പുറത്തിറങ്ങും എന്ന വിശ്വാസത്തിലാണ് പൊലീസ്.
ചെറുപ്പം മുതൽ മോഷണം ; ഒടുവിൽ സൈക്കോ
ചെറുപ്പകാലം മുതൽ അശോകൻ മോഷണം ആരംഭിച്ചിരുന്നു. മോഷണം നടത്തി ഒളിക്കുന്നത് സമീപത്തെ ഏക്കറുകണക്കിന് കിടക്കുന്ന കാട്ടിലും. നാട്ടിലെ കാടും മലയും അത്രത്തോളം സുപരിചിതമാണ് അശോകന്. ചെറിയ മോഷണങ്ങളിൽ തുടങ്ങിയ അശോകൻ കവർച്ചയ്ക്കായി ആക്രമണവും പതിവാക്കിയതോടെ ഒരു നാടൊന്നാകെ ഭീതിയിലായി.
കള്ളനെ പിടികൂടാനായി ഡോഗ് സ്ക്വാഡും ഡ്രോൺ പരിശോധനയും സജ്ജമാക്കിയിട്ടുണ്ട്. ഒപ്പം ഗുണ്ടാവിരുദ്ധ സ്‌ക്വാഡും തിരച്ചിലിലുണ്ട്. വലിയ പൊലീസ് സന്നാഹം രാവും പകലും സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.
ചില കോളനികളിൽ എത്തി അശോകൻ ഭക്ഷണവുമായി കടന്നുകളയുന്നതായും സൂചന ലഭിച്ചിട്ടുണ്ട്. രണ്ടുദിവസത്തിനുള്ളിൽ അശോകൻ പിടിയിലാകുമെന്നാണ് പൊലീസിന്‍റെ പ്രതീക്ഷ.
Also Read: കൊട്ടിയൂരില്‍ മാവോയിസ്റ്റുകളെ കണ്ടെന്ന് വനംവകുപ്പ് അധികൃതര്‍ ; കേസെടുത്ത് പൊലീസ്