കാസർകോട്: ഇ.ചന്ദ്രശേഖരൻ എംഎൽഎയെ ആക്രമിച്ച കേസിൽ സിപിഎം നേതാക്കൾ കൂറുമാറിയ വിഷയം പാർട്ടി പരിശോധിക്കുമെന്ന് സിപിഎം കാസർകോട് ജില്ല സെക്രട്ടറി എം വി ബാലകൃഷ്‌ണൻ. ബിജെപിയെ സഹായിച്ചുവെന്നത് തെറ്റായ ആരോപണമാണെന്നും ഇതൊന്നും ജനങ്ങൾ വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളാണ് വിഷയം ഊതിവീർപ്പിച്ചതെന്ന് എം വി ബാലകൃഷ്‌ണന്‍ ആരോപിച്ചു.
സിപിഐയുടെ പ്രതികരണം അവരുടെ വ്യാഖ്യാനമാണ്. സിപിഐയുടെ കാര്യത്തിൽ സിപിഎം അഭിപ്രായം പറയുന്നില്ല. ബിജെപിയെ ശക്തമായി എതിർക്കുന്ന പാർട്ടിയാണ് സിപിഎം.
ആ പാർട്ടി ആർഎസ്എസിനെ സഹായിക്കാൻ പോയി എന്നു പറയുന്നത് കേവലം ചില ആളുകളുടെ വ്യാഖ്യാനം മാത്രമാണ്. സംഭവത്തെ കുറിച്ച് കൂടുതൽ അറിയില്ല. എന്തായാലും പാർട്ടി അന്വേഷിക്കും.
പാർട്ടിക്ക് ഒരു തരത്തിലുമുള്ള ജാഗ്രതാക്കുറവ് ഉണ്ടായിട്ടില്ലെന്നും എം വി ബാലകൃഷ്‌ണന്‍ പറഞ്ഞു. അതേസമയം, സിപിഎം -ബിജെപി കൂട്ടുകെട്ടിന്‍റെ ഏറ്റവും വലിയ തെളിവാണ് ഈ സംഭവമെന്ന് ഡിസിസി പ്രസിഡന്‍റ് പി കെ ഫൈസൽ പ്രതികരിച്ചു.