പശ്ചിമബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസും ബിജെപി വിരുദ്ധ സഖ്യത്തിനായി കൈകോര്‍ത്തതിനെ വിമര്‍ശിച്ച് ബിജെപി നേതാവ് എംടി രമേശ്. ബംഗാളില്‍ ഒരുമിച്ച് മത്സരിക്കാന്‍ തീരുമാനിച്ചവര്‍ കേരളത്തില്‍ എതിര്‍ ചേരികളില്‍ നില്‍ക്കുന്നതിന്‍റെ ഔചിത്യം എന്താണെന്ന് എംടി രമേശ് ചോദിച്ചു. സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ ഇപ്പോള്‍ രഹസ്യധാരണയുണ്ടെന്നും എംടി രമേശ് പറഞ്ഞു.
നിയമസഭാ, ലോകസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിയെ പരാജയപ്പെടുത്താൻ മോദി വിരുദ്ധ വിശാല സഖ്യത്തിനായി കൈകോര്‍ക്കുന്നവര്‍ കേരളത്തെ മാത്രം എന്തിന് ഒഴിവാക്കണം. അല്‍പ്പമെങ്കിലും രാഷ്ട്രീയ മാന്യതയും സദാചാരവും ഉണ്ടെങ്കില്‍ അപഹാസ്യമായ പൊറാട്ട്നാടകം അവസാനിപ്പിക്കാന്‍ ഇരുമുന്നണികളും തയ്യാറാകണം. കേരളത്തെ നടുക്കിയ കാസർകോട് ഇരട്ടക്കൊലപാതകത്തിന് പിന്നിലുള്ള സിപിഎം ഗൂഢാലോചന പുറത്തു കൊണ്ട് വരണം. പല സംഭവങ്ങളിലും സിപിഎമ്മിനെ കോൺഗ്രസ് സഹായിച്ചിരുന്നു. അത് പോലെയാകുമോ പെരിയ സംഭവമെന്നും ആശങ്കയുണ്ട്. പരസ്പര ധാരണയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവരാണ് കോണ്‍ഗ്രസും സിപിഎമ്മും. അതിനാല്‍ തന്നെ ഒരു കാലഘട്ടത്തിലും സിപിഎം നേതൃത്വത്തിന്റെ പങ്ക് പുറത്ത് കൊണ്ട് വരാൻ കോൺഗ്രസ് നേതൃത്വത്തിന് താല്‍പ്പര്യം ഉണ്ടായിരുന്നില്ല. രക്തസാക്ഷികളെ സൃഷ്ടിച്ച് അവരുടെ കണ്ണീരും രക്തവും രാഷ്ട്രീയ നേട്ടത്തിനായി കോണ്‍ഗ്രസ് ഉപയോഗിക്കുകയാണെന്നും എംടി രമേശ് കുറ്റപ്പെടുത്തി.