കാസർകോട് : വിവാദങ്ങൾക്കൊടുവിൽ നവകേരള സദസിന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാനുള്ള ആഢംബര ബസ് കാസർകോട് എത്തിച്ചു (luxury bus was brought to Kasaragod for the Chief Minister and Ministers to travel to the Nava Kerala Sadas) ഇന്ന് (നവംബർ 18) പുലർച്ചെ നാലുമണിയോടെ എത്തിയ ബസ്, എആർ ക്യാമ്പിലേക്ക് മാറ്റി. ബസിന്‍റെ ഇളവുകൾ സംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനവും ഇറക്കിയിട്ടുണ്ട് (The government has also issued a notification regarding bus concessions).
നിറത്തിന്‍റെ കാര്യത്തിലടക്കം പ്രത്യേക ഇളവുകളോടെയാണ് ബസ് സഞ്ചരിക്കുക. ബസിന്‍റെ മുന്‍നിരയിലെ സീറ്റിന് 180 ഡിഗ്രിയിൽ കറങ്ങാനുള്ള അനുമതിയും വിജ്ഞാപനത്തില്‍ നല്‍കിയിട്ടുണ്ട്. ഈ ബസിനുവേണ്ടി മാത്രമായി കോൺട്രാക്‌ട് കാരേജ് വാഹനങ്ങൾക്ക് നൽകിയിരിക്കുന്ന കളർ കോഡിനും ഇളവ് വരുത്തിയിട്ടുണ്ട്.
സർക്കാർ ഉത്തരവില്‍ പറയുന്നത് വിവിഐപികള്‍ക്കുള്ള ബസിനും ടൂറിസം ആവശ്യത്തിനുമാണ് ഇളവെന്നാണ്. വാഹനം സര്‍ക്കാര്‍ ആവശ്യപ്പെടുമ്പോള്‍ വില്‍ക്കണമെന്നും വിജ്ഞാപനത്തിലുണ്ട്. കളര്‍കോഡിന്‍റെയും മറ്റു മോഡിഫിക്കേഷന്‍റെയും പേരില്‍ കേരളത്തിലെ ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ കര്‍ശന നടപടിയെടുത്ത ഗതാഗത വകുപ്പാണിപ്പോള്‍ സര്‍ക്കാരിന്‍റെ നവകേരള സദസിനായുള്ള ആഢംബര ബസിന് പ്രത്യേക ഇളവ് നല്‍കിയിരിക്കുന്നത്.
ബെംഗളൂരു ലാല്‍ബാഗിലെ ബസ്ബോഡി നിര്‍മിക്കുന്ന സ്വകാര്യ കമ്പനിയിൽ നിന്ന് ഇന്നലെ (നവംബർ 17) വൈകിട്ട് 6.30 ഓടെയാണ് ബസ് കേരളത്തിലേക്ക് പുറപ്പെട്ടത്. കറുപ്പു നിറത്തില്‍ ഗോള്‍ഡന്‍ വരകളോടെയുള്ള ഡിസൈനാണ് ബസിന് നല്‍കിയിരിക്കുന്നത്. ബസിന് പുറത്ത് കേരളം ദൈവത്തിന്‍റെ സ്വന്തം നാട് എന്ന കേരള ടൂറിസത്തിന്‍റെ ടാഗ് ലൈനും ഇംഗ്ലീഷില്‍ നല്‍കിയിട്ടുണ്ട്. ബെംഗളൂരുവിലെ എസ് എം കണ്ണപ്പ ഓട്ടോമൊബൈല്‍സ് പ്രൈവറ്റ് ലിമിറ്റഡ് (പ്രകാശ്) ആണ് അത്യാധുനിക സൗകര്യങ്ങളുള്ള ആഢംബര ബസിന്‍റെ ബോഡി നിര്‍മിച്ചത്. ബെന്‍സിന്‍റെ ഷാസിയാണ് ബസിന് ഉപയോഗിച്ചിരിക്കുന്നത്.
25 പേര്‍ക്ക് യാത്ര ചെയ്യാനാകുന്ന ഈ ആഢംബര ബസിലായിരിക്കും മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസിന്‍റെ ഭാഗമായി വിവിധ ജില്ലകളിലേക്ക് സഞ്ചരിക്കുക. ബസിൽ മുഖ്യമന്ത്രിക്ക് പ്രത്യേക മുറിയും ഓരോ മന്ത്രിമാർക്കും പ്രത്യേകം സീറ്റുകളും സജ്ജമാക്കിയിട്ടുണ്ടെന്നാണ് സൂചന. ബയോ ടോയ്‌ലറ്റ്, ഫ്രിഡ്‌ജ്, തുടങ്ങിയ സൗകര്യങ്ങൾക്ക് പുറമെ ഡ്രൈവർക്ക് അടുത്ത് മുഖ്യമന്ത്രിക്ക് ജനങ്ങളെ അഭിമുഖീകരിക്കാൻ സ്പോട് ലൈറ്റുള്ള സ്പെഷ്യൽ ഏരിയയും ബസിലുള്ളതെന്നാണ് വിവരം.
നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെയാണ് നവകേരള സദസ് നടക്കുക. നാളെ കാസർകോട് ജില്ലയിലെ മഞ്ചേശ്വരത്താണ് മണ്ഡലം സദസിന് തുടക്കമാകുന്നത്. തിരുവനന്തപുരത്ത് ആണ് സമാപനം.