കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലത്തില്‍ എല്‍.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ പ്രചരണം തുടങ്ങി. പ്രചാരണത്തിന്റെ ആദ്യ ദിനമാണെങ്കിലും ജനങ്ങള്‍ക്കിടയില്‍ ലഭിക്കുന്ന സ്വീകാര്യത വോട്ടായി മാറുമെന്ന കണക്ക് കൂട്ടലിലാണ് ഇരു സ്ഥാനാര്‍ഥികളും. കഴിഞ്ഞ ദിവസം തന്നെ സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നെങ്കിലും വ്യാഴാഴ്ചയോടെയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി എം.സി ഖമുറുദ്ദീന്‍ മണ്ഡലത്തിലെത്തിയത്. കാഞ്ഞങ്ങാട്ടെത്തിയ ഹൈദരലി തങ്ങളില്‍ നിന്നും അനുഗ്രഹം വാങ്ങിയാണ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് മണ്ഡലത്തിലെ കുമ്പോല്‍ ദര്‍ഗയിലെത്തി പ്രാര്‍ഥന നടത്തി. മണ്ഡലത്തിലെ പ്രമുഖരെ കണ്ട ശേഷം പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചാണ് ഖമുറുദ്ദീന്റെ വോട്ടഭ്യര്‍ഥന.
മറ്റു പ്രശ്‌നങ്ങളൊന്നും മണ്ഡലത്തിലില്ലെന്നും ഊഹാപോഹങ്ങളാണ് പ്രചരിക്കുന്നതെന്നും എം.സി.ഖമറുദ്ദീന്‍ പറഞ്ഞു. എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നയുടന്‍ സ്ഥാനാര്‍ഥി എം.ശങ്കര്‍ റൈയുടെ ജന്മനാട്ടിലേക്കാണ് എത്തിയത്. പുത്തിഗെ മുഹിമ്മാത്തിലും ദേലംപാടി ക്ഷേത്രത്തിൽ എത്തിയ അദ്ദേഹം ബാഡൂരിലെ ജനങ്ങളോട് വോട്ടഭ്യര്‍ഥിച്ചു. തുളുനാടിന്‍റെ തുടിപ്പറിയുന്ന തന്നെ ജനങ്ങള്‍ കൈവിടില്ലെന്ന തികഞ്ഞ ആത്മ വിശ്വാസത്തിലാണ് ശങ്കര്‍ റൈ. ബിജെപി സ്ഥാനാര്‍ഥി പ്രഖ്യാപനം കൂടി വരുന്നതോടെ മുന്‍കാലങ്ങളിലേതിന് സമാനമായ ശക്തമായ ത്രികോണ മത്സരത്തിന് അരങ്ങൊരുന്നതിനൊപ്പം പ്രചാരണ രംഗവും ചൂടു പിടിക്കും.