കാസര്‍കോട്: ജീവിതസായാഹ്നത്തില്‍ ഒറ്റപ്പെടലിന്‍റെ വേദനകള്‍ എഴുത്തിലൂടെ മറക്കുകയാണ് കുട്ടിയമ്മ. കാസര്‍കോട് പരവനടുക്കത്തെ സര്‍ക്കാര്‍ വൃദ്ധമന്ദിരത്തിന്‍റെ അകത്തളങ്ങളില്‍ കവിതകളാല്‍ വസന്തം നിറക്കുകയാണ് ഈ കവയത്രി. കടന്നുവന്ന വഴികളിലെ നീറുന്ന ഓര്‍മകളാണ് കുട്ടിയമ്മ അക്ഷരങ്ങളായി പകര്‍ത്തിയത്. ജീവിതത്തിലേക്ക് മടക്കമില്ലെന്ന് ഉറപ്പിച്ചുകൊണ്ട് തുടര്‍ന്ന യാത്രകളുടെ നൊമ്പരപ്പെടുത്തുന്ന ഓര്‍മകളാണ് കുട്ടിയമ്മയുടെ കവിതകളില്‍ നിറയെ. ആരും നോക്കാനില്ലാതെ ഒറ്റപ്പെട്ടുപോയ നിമിഷങ്ങള്‍...കണ്ണീര്‍ വാര്‍ത്ത ദിനങ്ങള്‍...ആരുമില്ലെന്നോര്‍ത്ത് ജീവിതമവസാനിപ്പിക്കാന്‍ തീരുമാനിച്ച യാത്രകള്‍...പിന്‍വിളിക്കായി കാതോര്‍ത്തെങ്കിലും ആരുമുണ്ടായിരുന്നില്ല കൂടെ.
ബസുകളിലും തീവണ്ടികളിലുമൊക്കെയായി നിരവധി യാത്രകൾ നടത്തി. കുതിച്ചുപായുന്ന തീവണ്ടിയില്‍ വെള്ളം മാത്രം കുടിച്ച് നാളുകള്‍ തള്ളിനീക്കി. മംഗലാപുരം റെയില്‍വെ സ്റ്റേഷനില്‍ വെച്ച് കണ്ടുമുട്ടിയ മാലാഖ പോലുള്ള പെണ്‍കുട്ടിയാണ് കുട്ടിയമ്മയെ മരണമെന്ന ട്രാക്കില്‍ നിന്നും വഴിതിരിച്ചു വിട്ടത്. പിന്നീട് 2013ലെ വൃദ്ധദിനത്തിന്‍റെ തലേന്ന് പരവനടുക്കം സര്‍ക്കാര്‍ വൃദ്ധമന്ദിരത്തിലെത്തിയത് മുതല്‍ തുടങ്ങുന്നു കുട്ടിയമ്മയുടെ രണ്ടാം ജന്മം.
കോട്ടയം കടുവാക്കുളത്തുകാരിയായ കുട്ടിയമ്മയിലെ കവിഹൃദയം ജനിക്കുന്നതും വൃദ്ധമന്ദിരത്തിലാണ്. ജീവിതാനുഭവങ്ങളിലൂടെ ആര്‍ജിച്ച കരുത്താണ് കുട്ടിയമ്മയുടെ കവിതാശകലങ്ങളില്‍ നിറയെ. പരന്ന വായനക്കാരിയായ കുട്ടിയമ്മ ഒറ്റപ്പെടലിന്‍റെ വേദനകള്‍ മറക്കാനാണ് കവിതയെഴുത്ത് തുടങ്ങുന്നത്. പലപ്പോഴായി കടലാസുകളില്‍ കോറിയിട്ട അക്ഷരങ്ങള്‍ക്ക് വൃദ്ധമന്ദിരത്തില്‍ നിന്നു തന്നെ ജീവന്‍ വെച്ചപ്പോഴുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവാത്തതായിരുന്നു കുട്ടിയമ്മക്ക്.
വൃദ്ധമന്ദിരത്തിലെ ജീവനക്കാരുടെയും ചന്ദ്രഗിരി ക്ലബിന്‍റെയും പിന്തുണയില്‍ 'ദുഃഖത്തിന്‍റെ ലഗേജുകള്‍' എന്ന കവിതാപുസ്‌തകത്തിലൂടെ കുട്ടിയമ്മയും അവരുടെ ജീവിതവും വായനക്കാരിലേക്കും എത്തിക്കഴിഞ്ഞു. ജീവിതയാത്ര കാരമുള്ളുകള്‍ക്ക് മുകളിലൂടെയുള്ളതാണെങ്കിലും മരണം വന്നു വിഴുങ്ങിയാലും യാത്ര തുടരുക തന്നെ ചെയ്യുമെന്ന നിശ്ചയദാര്‍ഢ്യത്തോടെയുള്ള എഴുത്തുയാത്ര തുടരുകയാണ് കുട്ടിയമ്മ.