കാസർകോട്: കുമിഞ്ഞു കൂടിയ മാലിന്യത്തെ പേടിച്ച് കാസര്‍കോട്ടെ കുബനൂര്‍ ഗ്രാമം. മാലിന്യ സംസ്‌കരണത്തിനായി മംഗല്‍പ്പാടി പഞ്ചായത്തിൽ കണ്ടെത്തിയ സ്ഥലത്ത് ടണ്‍ കണക്കിന് മാലിന്യമാണ് കെട്ടിക്കിടക്കുന്നത്. കുബനൂറിലെ ചെങ്കല്‍പ്പണയുള്‍ക്കൊള്ളുന്ന രണ്ടേക്കര്‍ പ്രദേശത്തെ മാലിന്യ സംസ്‌കരണമാണ് പഞ്ചായത്ത് ലക്ഷ്യമിട്ടതെങ്കിലും ഇപ്പോഴിവിടം മാലിന്യ സംഭരണ കേന്ദ്രമായി മാറി. ചെങ്കല്‍പ്പണയിലെ കുഴികളില്‍ പ്ലാസ്റ്റിക് നിറഞ്ഞ് ഭൂനിരപ്പിന് മുകളിലെത്തി.
കുന്നു കൂടിയ പ്ലാസ്റ്റിക്കുകളുടെ മുകള്‍ഭാഗം നീളന്‍ മെത്തക്ക് സമമായിട്ടുണ്ട്. മാലിന്യ സംസ്‌കരണത്തിന് നിരവധി പദ്ധതികള്‍ പ്രഖ്യാപിക്കപ്പെടുന്ന നാട്ടിലാണ് ഈ ദുര്‍ഗതി. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മാലിന്യ നീക്കത്തിന് ഫണ്ടുകള്‍ നീക്കി വയ്‌ക്കാമെങ്കിലും അത് പോലും ഉപയുക്തമാക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് വ്യക്തം. 2006 മുതല്‍ പഞ്ചായത്തിന്‍റെ പല പ്രദേശങ്ങളില്‍ നിന്നും കൊണ്ടു വരുന്ന മാലിന്യങ്ങളാണ് ഇവിടെ നിക്ഷേപിക്കപ്പെട്ടിട്ടുള്ളത്. ഇപ്പോള്‍ തന്നെ പ്രദേശത്തെ ജലശ്രോതസുകളെല്ലാം മലിനമായി തുടങ്ങിയിട്ടുണ്ട്. കാലവര്‍ഷമാരംഭിച്ചാലാണ് സ്ഥിതി കൂടുതല്‍ വഷളാകുന്നത്.
മാലിന്യത്തിലൂടെ ചെങ്കല്‍പ്പണയിലേക്ക് ഊര്‍ന്നിറങ്ങുന്ന വെള്ളം ഉറവകളിലൂടെ കിണറുകളിലേക്ക് എത്തും. പ്ലാസ്റ്റിക് സംസ്‌കരണത്തിന് ഷ്രെഡിങ് യൂണിറ്റ് ആരംഭിക്കാന്‍ 2015ല്‍ പദ്ധതിയിട്ടെങ്കിലും അതും ഷെഡില്‍ ഒതുങ്ങി. വൈദ്യുതി കണക്ഷന്‍ എടുക്കാത്തതിനാല്‍ യന്ത്ര സാമഗ്രികള്‍ തുരുമ്പെടുത്ത് നശിക്കുകയാണ്. പ്ലാസ്റ്റിക് വേര്‍തിരിക്കാനായി നിലവില്‍ ഒരു സ്വകാര്യ ഏജന്‍സി സ്‌ത്രീകളെ ജോലിക്ക് വെച്ചിട്ടുണ്ടെങ്കിലും ടണ്‍കണക്കിന് മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ കാലങ്ങളെടുക്കും.