കാസര്‍കോട്: കെ.എസ്.ആർ.ടി.സി ബസ് കണ്ടക്‌ടർക്ക് സ്വകാര്യ ബസ് ജീവനക്കാരന്‍റെ മർദനം. ബന്തടുക്ക - കാസർകോട് റൂട്ടിലോടുന്ന ബസിലെ കണ്ടക്‌ടർ ലിബിൻ വർഗീസിനാണ് അഞ്ചാം മൈലിൽ വെച്ച് മർദനമേറ്റത്. ലിബിനിനെ മർദിക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.
ബസ് സമയക്രമവുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. രാവിലെ കെ.എസ്.ആർ.ടി.സി ബസിനു കുറുകെ സ്വകാര്യ ബസ് നിർത്തി കണ്ടക്‌ടറെ പിടിച്ചു കൊണ്ടുപോയി മർദിക്കുകയായിരുന്നു. കെ.എസ്.ആർ.ടി.സി ജീവനക്കാർ ബേഡകം പൊലീസിൽ പരാതി നൽകി.
സംഭവത്തിൽ സ്വകാര്യ ബസ് ജീവനക്കാരനെതിരെ പൊലീസ് കേസെടുത്തു. ലിബിൻ ബേഡകം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിനു മുമ്പും സമയക്രമവുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് ഈ റൂട്ടിൽ കെഎസ്ആർടിസി ജീവനക്കാരെ സ്വകാര്യ ബസ് ജീവനക്കാർ മർദിച്ചിരുന്നു.