കാസർകോട്: വിധവകളായ സ്‌ത്രീകൾക്ക് കൂട്ടൊരുക്കാൻ "കൂട്ട്" എന്ന പദ്ധതിയുമായി കാസര്‍കോട് ജില്ല ഭരണകൂടം. വിധവകളായ സ്‌ത്രീകളുടെ സംരക്ഷണവും ഉന്നമനവുമാണ് കൂട്ടിന്‍റെ ലക്ഷ്യം. സംസ്ഥാനത്ത് ആദ്യമായാണ് വിധവ സംരക്ഷണത്തിനായി ഇത്തരമൊരു വേറിട്ട പദ്ധതി നടപ്പാക്കുന്നത്.
അരലക്ഷത്തിലകധികം വിധവകൾ ജില്ലയില്‍ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വിധവകളുടെ വ്യക്തിഗത വിവരങ്ങള്‍, കുടുംബം, വിദ്യാഭ്യാസ യോഗ്യത, ആരോഗ്യനില, പുനര്‍വിവാഹത്തിനുള്ള താത്‌പര്യം തുടങ്ങിയ വിവരങ്ങള്‍ ആശാ വര്‍ക്കര്‍മാര്‍ മുഖേന നടത്തിയ സര്‍വ്വെയിലൂടെ ശേഖരിച്ചിട്ടുണ്ട്. രക്ഷിതാക്കളുടെയും വിധവകളുടെയും പൂര്‍ണ സമ്മതത്തോടെയാണ് കൂട്ട് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയിലെ വിമണ്‍ പ്രൊട്ടക്ഷന്‍ ഓഫിസറുടെ മേല്‍നോട്ടത്തിലാണ് കൂട്ടിന്‍റെ പ്രവര്‍ത്തനം.
കാസര്‍കോട് ജില്ല കലക്‌ടർ ഡോ.ഡി.സജിത് ബാബു മുന്നോട്ട് വച്ച ആശയം പ്രാവർത്തികമാകുമ്പോൾ നിരവധി സ്‌ത്രീകളുടെ പുനര്‍വിവാഹത്തിനടക്കമാണ് വഴി തെളിയുന്നത്. പദ്ധതിയുടെ ഭാഗമായി വിധവാ പുനര്‍വിവാഹത്തിന് തയ്യാറായവരുടെ സംഗമവും നടത്തി. മുപ്പതോളം വിധവകളായ സ്‌ത്രീകളും പതിനഞ്ചോളം പുരുഷന്‍മാരും സംഗമത്തിൽ പങ്കെടുത്തു. പ്രത്യേകം തയ്യാറാക്കിയ കൂട്ട് മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖാന്തരം പുനര്‍ വിവാഹത്തിന് താത്‌പര്യമുള്ളവരുടെ രജിസ്‌ട്രേഷൻ നടത്തിയിരുന്നു. വിവാഹം കഴിക്കുന്നതിന് താത്‌പര്യം പ്രകടിപ്പിച്ച് നൂറിലേറെ വിധവകള്‍ ഇതിനോടകം രജിസ്‌റ്റർ ചെയ്‌തു കഴിഞ്ഞു. തുടര്‍ന്നാണ് വിധവ വിവാഹത്തിന് സന്നദ്ധത അറിയിച്ച പുരുഷന്‍മാരില്‍ നിന്നും അപേക്ഷ സ്വീകരിച്ച് രേഖകള്‍ പരിശോധിച്ച ശേഷം സംഗമം നടത്തിയത്.
നിലവില്‍ അയ്യായിരത്തോളം സ്ത്രീകളാണ് കൂട്ട് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തത്. നിലവിലുള്ള വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ക്ക് കീഴില്‍ തൊഴില്‍, നൈപുണി പരിശീലനം നല്‍കി വിധവകളെ സ്വയം പര്യാപ്തരാക്കുന്നതിനും കൂട്ടിലൂടെ ലക്ഷ്യമിടുന്നുണ്ട്.