കാസർകോട്: സിൽവർ ലൈൻ പദ്ധതിയിൽ ബഫർ സോണുണ്ടാകുമെന്നും ഈ വിഷയത്തിൽ കെ റെയിൽ എം.ഡി അജിത് കുമാർ പറഞ്ഞതാണ് വസ്തുതയെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കെ.റെയിലിന്‍റെ ഇരുവശവും ഒരു മീറ്റർ പോലും ബഫർസോൺ ഇല്ലെന്ന് കഴിഞ്ഞദിവസം മന്ത്രി സജി ചെറിയാന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കോടിയേരി വ്യക്തത വരുത്തിയത്.
Also read: 'എല്ലാ പടകളെയും നേരിടാനുള്ള ശക്തി ഇടതുപക്ഷത്തിനുണ്ട്'; കോൺഗ്രസിനെതിരെ കോടിയേരി
എല്ലാ കാര്യങ്ങളും എല്ലാവരും പഠിച്ചിട്ടാകില്ല പ്രതികരിക്കുന്നതെന്ന് കോടിയേരി പറഞ്ഞു. കെ റെയിൽ പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുമെന്നും ഹൈക്കോടതി പറഞ്ഞത് പ്രകാരമുള്ള നടപടികളാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ബലം പ്രയോഗിച്ച് ആരുടെയും ഭൂമി ഏറ്റെടുക്കില്ല.
ഭൂമി ഏറ്റെടുക്കുന്നതിന് മുമ്പ് ജനങ്ങളുമായി ചർച്ച നടത്താൻ തയ്യാറാണ്. ബി.ജെ.പി-കോൺഗ്രസ് സമാന്തര സമരത്തെ രാഷ്ട്രീയമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. കാസർകോട് ഗസ്റ്റ്ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.