കൊല്ലം: കാസർഗോഡ് ഇരട്ടക്കൊലപാതകക്കേസില്‍ അറസ്റ്റിലായ സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗം എ. പീതാംബരന്‍റെ കുടുംബത്തിന്‍റെ വാദം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറികോടിയേരി ബാലകൃഷ്ണന്‍. പീതാംബരൻ കേസിൽ പെട്ടതിന്‍റെ വിഷമത്തിലായിരിക്കാം കുടുംബത്തിന്‍റെ ഇത്തരം പ്രസ്ഥാവനകൾ, പാർട്ടി പറഞ്ഞിട്ടാണ് കൊലപാതകമെന്ന് ഭാര്യയോട് ഭർത്താവ് പറഞ്ഞതായിരിക്കും. അല്ലാതെ ഇരട്ടക്കൊലപാതകത്തിൽ പാർട്ടിക്ക് യാതൊരു പങ്കുമില്ലെന്ന് കോടിയേരി വ്യക്തമാക്കി.
പാർട്ടി പറയാതെ പീതാംബരൻ കൊലപാതകത്തിന് മുതിരില്ലെന്ന് ഭാര്യ മഞ്ജുവും മകൾ ദേവികയും ആരോപിച്ചിരുന്നു. പാർട്ടി പറഞ്ഞാൽ എന്തും ചെയ്യുന്ന ആളാണ് പീതാംബരനെന്നും ഇവർ വ്യക്തമാക്കിയിരുന്നു. പീതാംബരൻ ആക്രമിക്കപ്പെട്ട സമയത്ത് നേതാക്കളെല്ലാവരും കാണാനെത്തി. ഇപ്പോൾ ഒരാളും വന്നിട്ടില്ല. പാർട്ടിക്കായി നിന്നിട്ട് ഇപ്പോൾ പീതാംബരനെ പാർട്ടി പുറത്താക്കി. നേരത്തെ പ്രദേശത്ത് ഉണ്ടായ അക്രമങ്ങളിൽ പീതാംബരൻ പാർട്ടിക്ക് വേണ്ടിയാണ് പങ്കാളിയായതെന്നും മഞ്ജു പറഞ്ഞിരുന്നു.
തെരഞ്ഞെടുപ്പ് അടുത്തതുകൊണ്ടാണ് പീതാംബരനെ പാർട്ടി തള്ളിപ്പറഞ്ഞതെന്ന് പീതാംബരന്‍റെ മകൾ ദേവിക കുറ്റപ്പെടുത്തി. മുഴുവൻ കുറ്റവും പാർട്ടിയുടേതാണ്. പാർട്ടിക്ക് ചീത്തപ്പേരുണ്ടാകാതിരിക്കാനാണ് തള്ളിപ്പറഞ്ഞത്. പാർട്ടിക്കുവേണ്ടി തെറ്റ് ചെയ്തിട്ട് ഒടുവിൽ ഒരാളുടെ പേരിൽ മാത്രം കുറ്റം ചുമത്തി പാർട്ടി കയ്യൊഴിഞ്ഞെന്നും ദേവിക പറഞ്ഞു.