കാസര്‍കോട്: കലോത്സവ ചരിത്രത്തിൽ പുത്തൻ അധ്യായം എഴുതി ചേർത്താണ് ബേക്കലിന്റെ വാനത്ത് ഭീമൻ പട്ടങ്ങൾ പറന്നത്. കോഴിക്കോട്ടെ വൺ ഇന്ത്യ കൈറ്റ് സംഘത്തിനൊപ്പം ബേക്കലിലെത്തിയ ജനങ്ങൾ ആവേശത്തോടെ കൈകോർത്തു. അറബിക്കടലിന്‍റെ തീരത്ത്, ബേക്കൽ കോട്ടയുടെ പശ്ചാത്തലത്തിൽ, അസ്തമയ സൂര്യനെ സാക്ഷിയാക്കി ഭീമൻ പട്ടങ്ങൾ വർണവിസ്‌മയം തീർത്തപ്പോൾ ചെറുപട്ടങ്ങളും വാനിലുയർന്നത് ഒത്തുകൂടിയവര്‍ക്കും ആവേശമായി.
പട്ടം പറത്തലിനൊപ്പം ബേക്കലിന്‍റെ മറ്റൊരുവശത്ത് 40 ചിത്രകാരൻമാരും ശിൽപികളും ചേർന്ന് മണൽശിൽപം തീർത്തു. തെയ്യങ്ങളുടെ നാടായ കാസർകോട്ടെ അമ്മദൈവ സങ്കൽപ്പമായ ഭഗവതി തെയ്യത്തിന്റെ രൂപമാണ് മണലിൽ തീർത്തത്. 30 മീറ്റർ നീളത്തിലാണ് റെക്കോഡ് ഭേദിച്ച മണല്‍ശില്‍പം തീര്‍ത്തത്. ഗുരു വാദ്യസംഘത്തിന്‍റെ ശിങ്കാരിമേളവും നാട്ടുകലാകാരക്കൂട്ടത്തിലെ നാടൻ പാട്ടുകാരും പ്രചാരണത്തിന്‍റെ മാറ്റുകൂട്ടി.