കാസർകോട് : കേരളത്തിന് ലഭിച്ച രണ്ടാം വന്ദേഭാരതിന്‍റെ ഫ്ലാഗ് ഓഫ് ഇന്ന് ഉച്ചക്ക് 12 മണിക്ക് കാസർകോട് റെയിൽവെ സ്റ്റേഷനിൽ നടക്കും (Kerala Second Vande Bharat Inauguration). കാസര്‍കോട് - തിരുവനന്തപുരം വന്ദേഭാരത് ഉൾപ്പടെ രാജ്യത്തെ വിവിധ സോണുകളിലായി അനുവദിച്ച ഒന്‍പത് വന്ദേഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് ഓൺലൈനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നിർവഹിക്കുക. ചടങ്ങുമായി ബന്ധപ്പെട്ട് കാസര്‍കോട് റെയിൽവേ സ്റ്റേഷനിൽ റെയിൽവേ സംഘടിപ്പിക്കുന്ന പരിപാടിയിൽ കേന്ദ്ര വിദേശകാര്യ, പാർലമെന്‍ററി സഹമന്ത്രി വി മുരളീധരൻ പങ്കെടുക്കും.
സംസ്ഥാന കായിക, റെയിൽവേ വകുപ്പ് മന്ത്രി വി. അബ്‌ദുറഹ്‌മാൻ, രാജ്‌മോഹൻ ഉണ്ണിത്താൻ എംപി, എൻഎ നെല്ലിക്കുന്ന് എംഎൽഎ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുക്കും. ആദ്യ യാത്രയിൽ സ്‌കൂൾ വിദ്യാർഥികൾക്കും അവസരം ഒരുക്കിയിട്ടുണ്ട്. 26 മുതലാണ് ട്രെയിൻ സാധാരണ നിലയിൽ സർവീസ് നടത്തുക.
26ന് വൈകിട്ട് 4.05ന് തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന സർവീസിൽ റിസർവ് ചെയ്‌ത് യാത്ര ചെയ്യാം. ഉദ്ഘാടന യാത്രയിൽ പയ്യന്നൂരിലും തലശ്ശേരിയിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ വിവിധ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. സ്റ്റേഷനിൽ കലാസാംസ്‌കാരിക പരിപാടികളും ഒരുക്കുന്നുണ്ട്.
ആഴ്‌ചയിൽ ആറു ദിവസമാണ് രണ്ടാം വന്ദേഭാരതിന്‍റെ സർവീസ്. രാവിലെ 7 മണിയോടെ കാസർകോട് നിന്ന് യാത്ര തിരിക്കുന്ന ട്രെയിൻ വൈകുന്നേരം 3.05 ഓടെ തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കും. തിരിച്ച് തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് 4.05-ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 11.58-ന് കാസർകോടെത്തും. ആലപ്പുഴ വഴി സർവീസ് നടത്തുന്ന ട്രെയിനിന് തിരൂരിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് തിരൂരിനെ കൂടാതെ രണ്ടാമത്തെ വന്ദേഭാരതിന് സ്റ്റോപ്പുള്ളത്.
എട്ടു മണിക്കൂറാണ് കാസർകോട്-തിരുവനന്തപുരം യാത്രയ്ക്ക് എടുക്കുന്ന സമയം. 7.55 മണിക്കൂറാണ് തിരിച്ചുള്ള സർവീസിന്‍റെ യാത്രാസമയം. 2023 ഏപ്രിൽ 25നാണ് ആദ്യത്തെ വന്ദേഭാരത് പ്രധാനമന്ത്രി കേരളത്തിനു സമർപ്പിച്ചത്.
ഉദ്ഘാടന യാത്രയിൽ അനുവദിച്ച സ്റ്റോപ്പുകൾ
- കാസർകോട് : 12:30 PM
- പയ്യന്നൂർ : 01:15 PM
- കണ്ണൂർ : 01:48 PM
- തലശ്ശേരി : 02:13 PM
- കോഴിക്കോട് : 03:08 PM
- തിരൂർ : 03:48 PM
- ഷൊർണൂർ : 04:30 PM
- തൃശൂർ : 05:05 PM
- എറണാകുളം : 06:13 PM
- ആലപ്പുഴ : 08:05 PM
- കായംകുളം : 09:02 PM
- കൊല്ലം : 09:50 PM
- തിരുവനന്തപുരം : 11:00 PM
ALSO READ : വന്ദേഭാരത് എക്‌സ്‌പ്രസിന് നേരെ വീണ്ടും കല്ലേറ്, ചില്ല് തകർന്നു ; ആക്രമണം മുക്കാളിയില്‍