കാസർകോട്: അടുത്ത സ്‌കൂൾ കലോത്സവത്തിൽ ബീഫ് വിളമ്പുന്നുണ്ടെങ്കിൽ പന്നിയും (പോർക്ക്) വിളമ്പണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. എല്ലാ വിഭാഗത്തിലുള്ള ആൾക്കാർക്കും കഴിക്കാനുള്ള ഭക്ഷണം ഒരുക്കണമെന്നും അതാണ് മതേതര സർക്കാർ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇഷ്‌ട ഭക്ഷണം കഴിക്കാനുള്ള ആഗ്രഹം കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കുമുണ്ടെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു.
ബീഫ് മാത്രം വിളമ്പി പോർക്ക് വിളമ്പാതിരിക്കുന്നത് മതേതര നിലപാടല്ല. അതാണ് ബിജെപിയുടെ ആവശ്യം. പോർക്ക് ഇഷ്‌ടമുള്ള വിഭാഗം നമുക്കിടയിൽ ധാരാളം ഉണ്ടെന്നും അതുകൊണ്ട് പോർക്കും വിളമ്പണമെന്നും അദ്ദേഹം പറഞ്ഞു.
ഇത്രയും കാലം ഭക്ഷണത്തിന്‍റെ പേരിൽ ഇവിടെ ഒരു വിവാദവും ഉണ്ടായിട്ടില്ലെന്നും പായസവും സാമ്പാറും ആർക്കും വർഗീയമായിരുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇപ്പോള്‍ അതിനെ വർഗീയമായി കാണുന്നതും വിവാദങ്ങൾ ഉണ്ടാക്കുന്നതും നാടിനു ഗുണം ചെയ്യില്ലെന്നും രാഷ്‌ട്രീയ മുതലെടുപ്പിന്‍റെ ഭാഗമായാണ് കലോത്സവത്തിലെ ഭക്ഷണ വിവാദം ഉണ്ടായതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
വർഗീയമായ ചേരിതിരിവ് ഉണ്ടാക്കാനാണ് ശ്രമിച്ചത്. തല്‍കാലം കുറച്ചു ലാഭം കിട്ടുമായിരിക്കുമെന്നും പക്ഷെ ആ ലാഭം നല്ലതിനല്ലെന്നാണ് മുഹമ്മദ് റിയാസിനോടും കലോത്സവ സംഘടകരോടും പറയാനുള്ളതെന്നും സുരേന്ദ്രൻ അറിയിച്ചു. ചില താല്‍പര്യം മാത്രം സംരക്ഷിച്ചുകൊണ്ട് മതേതര നിലപാട് സംരക്ഷിക്കാൻ കഴിയില്ല.
സർക്കാർ മാപ്പ് പറയണം: കലോത്സവത്തിൽ യക്ഷഗാന കലാകാരന്മാരെയും അപമാനിച്ചു. ഇതെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പോ സംഘടകരോ മിണ്ടിയിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യക്ഷ ഗാനം തുടങ്ങുന്നതിനു മുമ്പ് ചെയ്യുന്ന പൂജ, ഒരു സംഘം ആളുകളെത്തി അലങ്കോലമാക്കിയെന്നും അതിനെ കുറിച്ച് ഒരു അന്വേഷണവും നടത്തിയിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഒരു വശത്ത് സ്വാഗത ഗാനത്തിന്‍റെ പേരിൽ അന്വേഷണം നടത്തുമ്പോൾ ഈ സംഭവത്തിൽ അന്വേഷണവുമില്ലെന്നും യക്ഷഗാന കലാകാരന്മാരോട് സർക്കാർ മാപ്പ് പറയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.