കാസർകോട്: ട്രെയിനുകള്‍ക്ക് നേരെ വിവിധ ഇടങ്ങളില്‍ കല്ലേറ് തുടരുന്ന സാഹചര്യം വര്‍ധിച്ചതോടെ കടുത്ത നടപടിയുമായി പൊലീസ് (Police action on stone pelting on trains). സംശയാസ്‌പദമായ രീതിയിൽ ട്രാക്കുകൾക്ക് സമീപം കണ്ടെത്തിയ 50 പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തു. ഇന്ന് രാവിലെ മുതൽ നടത്തിയ പരിശോധനയിലാണ് ഇത്രയും പേരെ കസ്റ്റഡിയിലെടുത്തത്.
പിടിയിലായവരെ ഹോസ്‌ദുർഗ് പൊലീസ് (Hosdurg Police action) ചോദ്യം ചെയ്‌ത് വിട്ടയച്ചു. 10 വർഷം തടവ് ശിക്ഷ ലഭിക്കുന്ന വകുപ്പ് പ്രകാരമാണ് സംഭവത്തില്‍ പൊലീസ് കേസ് എടുത്തിരിക്കുന്നത്. റെയിൽവേ ട്രാക്കിന് സമീപമുള്ള വീടുകൾ കേന്ദ്രീകരിച്ചും പൊലീസ് നിരീക്ഷണം നടത്തും. ട്രെയിനുകളില്‍ കൂടുതൽ പൊലീസിനെ വിന്യസിച്ചും നിരീക്ഷണം ശക്‌തമാക്കും.
റെയിൽവേ പാളത്തിൽ ചെങ്കല്ലും ക്ലോസറ്റും: റെയിൽവേ ട്രാക്ക് കേന്ദ്രീകരിച്ച് രഹസ്യ നിരീക്ഷണം നടത്താൻ ആളുകളെയും സിസിടിവി ക്യാമറയും ഏർപ്പാട് ചെയ്‌തിട്ടുണ്ട്. ട്രെയിനുകൾക്ക് നേരെ ഇന്നലെയും കല്ലേറുണ്ടായിരുന്നു. രാജധാനി (Rajdhani Express), വന്ദേഭാരത് ട്രെയിനുകൾക്ക് (Vande bharat express) നേരെയാണ് കഴിഞ്ഞ ദിവസം കല്ലേറ് ഉണ്ടായത്. രാജധാനി എക്‌സ്‌പ്രസിന് നേരെ കാഞ്ഞങ്ങാട് വച്ചും വന്ദേഭാരത് എക്സ്പ്രസിന് നേരെ പരപ്പനങ്ങാടിക്ക് അടുത്ത് വച്ചുമാണ് അജ്ഞാതർ കല്ലെറിഞ്ഞത്. കഴിഞ്ഞ ദിവസം കോട്ടിക്കുളത്ത് റെയിൽവേ പാളത്തിൽ ചെങ്കല്ലും ക്ലോസറ്റും കണ്ടെത്തിയിരുന്നു.
കോയമ്പത്തൂർ - മംഗളൂരു ഇന്‍റർസിറ്റി ട്രെയിനിന്‍റെ ലോക്കോ പൈലറ്റാണ് ട്രാക്കിൽ കല്ലും ക്ലോസറ്റും കണ്ടത്. ട്രെയിനിന് തടസം സൃഷ്‌ടിക്കുന്ന രീതിയിലാണ് ഇവ വച്ചിരുന്നത്. എന്നാൽ, ഇതിന് മുകളിലൂടെ ട്രെയിൻ കടന്നുപോവുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തി വരികയാണ്. കഴിഞ്ഞ ദിവസങ്ങളിലായി പല സ്ഥലങ്ങളിൽ നിന്നായി ട്രെയിനുകൾക്ക് നേരെ കല്ലേറ് ഉണ്ടായിരുന്നു.
ഓഖ എക്‌സ്‌പ്രസിന് നേരെയും കല്ലേറ്: കഴിഞ്ഞ ആഴ്‌ച മാഹിക്കും തലശേരിക്കും ഇടയിൽ വന്ദേഭാരതിനും ഈ മാസം 13ന് ചെന്നൈ സൂപ്പർഫാസ്റ്റിന് നേരെയും, നേത്രാവതി എക്‌സ്‌പ്രസിന് നേരെയും, ഓഖ എക്‌സ്‌പ്രസിന് നേരെയും കല്ലേറ് ഉണ്ടായി. പിന്നാലെ 14ന് കണ്ണപുരത്തിനും പാപ്പിനിശേരിക്കും ഇടയിൽ തുരന്തോ എക്‌സ്‌പ്രസിന് നേരെയും കല്ലേറ് ഉണ്ടായി. 15ന് കോഴിക്കോടിനും കല്ലായിക്കും ഇടയിൽ യശ്വന്തപുര എക്‌സ്‌പ്രസിന് നേരെയും കല്ലേറ് ഉണ്ടായി.
ഇന്നലെ (ഓഗസ്റ്റ് 21) വൈകുന്നേരം 3.40നാണ് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന രാജധാനി എക്‌സ്‌പ്രസിന് നേരെ കല്ലേറുണ്ടായത്. കല്ലേറിൽ കോച്ചിന്‍റെ ഗ്ലാസ് പൊട്ടി. ആർക്കും പരിക്കില്ല. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനും കുശാൽനഗർ റെയിൽവേ ഗേറ്റിനും ഇടയിൽ വച്ചാണ് കല്ലേറ് ഉണ്ടായത്. തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന വന്ദേഭാരത് എക്സ്പ്രസിന് നേരെ മലപ്പുറം താനൂരിനും പരപ്പനങ്ങാടിക്കും ഇടയിൽ വച്ചാണ് കല്ലേറ് ഉണ്ടായത്. കല്ലേറിൽ ചില്ലിന് വിള്ളലുണ്ടായി. സംഭവത്തിൽ ആർക്കും പരിക്കില്ല.