കാർസകോട്: തെളിവെടുപ്പിനിടെ പോക്സോ പ്രതി കടലില്‍ ചാടി. മധൂർ കാളിയങ്കാട് സ്വദേശി മഹേഷാണ് നെല്ലിക്കുന്ന് ഹാർബറില്‍ തെളിവെടുപ്പിനിടെ കടലില്‍ ചാടിയത്. കൈവിലങ്ങോടെ പൊലീസിനെ തള്ളി മാറ്റിയാണ് പ്രതി കടലില്‍ ചാടിയത്. ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പ്രതിക്കായി തെരച്ചില്‍ ഊർജിതമാക്കി.
എട്ടാം ക്ലാസ് വിദ്യാർഥിയുടെ കുളിമുറി ദൃശ്യം മൊബൈലില്‍ പകർത്തിയതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ദൃശ്യം പകർത്തിയ മൊബൈല്‍ ഹാര്‍ബറിലെ കല്ലിനിടയില്‍ പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞ് സൂക്ഷിച്ചിട്ടുണ്ടെന്ന യുവാവിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെയും കൊണ്ട് തെളിവെടുപ്പിന് ഹാര്‍ബറിലെത്തിയത്. ഇരു കയ്യിലും വിലങ്ങണിയിച്ച് മുന്‍ കരുതലുകള്‍ സ്വീകരിച്ചിരുന്നെങ്കിലും അപ്രതീക്ഷിതമായാണ് പൊലീസിനെ തള്ളി മാറ്റി പ്രതി കടലിലിലേക്ക് ചാടിയത്. കൈവിലങ്ങ് അണിയിച്ചത് കാരണം നീന്തി രക്ഷപ്പെടാന്‍ കഴിയില്ലെന്നാണ് തെരച്ചിലിന് നേതൃത്വം നല്‍കുന്ന മത്സ്യതൊഴിലാളികള്‍ പറയുന്നത്. യുവാവ് ഒളിപ്പിച്ച മൊബൈല്‍ ഫോണ്‍ പൊലീസ് കണ്ടെടുത്തു.