കാസർകോട് : മഞ്ഞ് മൂടിയ പച്ചപ്പ് പൊതിഞ്ഞ മലയായിരുന്നു കാസർകോട് ബളാൽ പഞ്ചായത്തിലെ മുത്തപ്പൻ മല. ജൈവ സമ്പന്നമായ നാട്. എന്നാൽ ഇന്ന് പച്ചപ്പില്ല. കല്ലും മണ്ണും നിറഞ്ഞ കുന്ന് മാത്രം. അതിന് ഒരേ ഒരു കാരണം മാത്രം, പത്തു വർഷം മുമ്പ് ഇവിടെ ഒരു പാറ ക്വാറി തുടങ്ങി. അതോടെ മുത്തപ്പൻ മല, വെറുമൊരു മൊട്ടക്കുന്നായി. ഈ മഴക്കാലത്ത് ബളാൽ മുത്തപ്പൻ മല അതിരൂക്ഷമായ മണ്ണിടിച്ചിലിന് സാക്ഷിയാകുകയാണ്.
സമാധാനത്തോടെ ഉറങ്ങണം: മുത്തപ്പൻ മലയുടെ താഴെ കൊന്നനംകാട് മേഖലയില്‍ അമ്പതോളം കുടുംബങ്ങളാണ് താമസിക്കുന്നത്. ക്വാറി ഖനനത്തിന്‍റെ ഭാഗമായി മണ്ണിടിഞ്ഞ് ജനവാസ മേഖലയിലേക്ക് ഇറങ്ങുകയാണ്. ഓരോ രാത്രിയും ഇരുട്ടി വെളുക്കുമ്പോൾ മാത്രമാണ് ഇവർക്ക് ശ്വാസം തിരികെ ലഭിക്കുന്നത്. മണ്ണിടിഞ്ഞ് കിണറുകൾ മൂടി. കുടിവെള്ളമില്ല.
തഹസീല്‍ദാർ എത്തി മണ്ണ് നീക്കാൻ ആവശ്യപ്പെട്ടെങ്കിലും ഒന്നും നടന്നില്ല. കഴിഞ്ഞ പ്രളയകാലത്ത് കേരളം കൺമുന്നില്‍ കണ്ട വൻദുരന്തങ്ങളാണ് ഇപ്പോൾ ഇവരുടെ മനസ് നിറയെ. എന്തുചെയ്യണമെന്നറിയാതെ അൻപതോളം കുടുംബങ്ങളുണ്ടിവിടെ...
തഹസീല്‍ദാരെ തടഞ്ഞ് പ്രതിഷേധം: മണ്ണിടിച്ചില്‍ പ്രശ്‌നം രൂക്ഷമായതോടെ സ്ഥലം സന്ദർശിക്കാനെത്തിയ വെള്ളരിക്കുണ്ട് തഹസിൽദാരെ നാട്ടുകാർ തടഞ്ഞ് പ്രതിഷേധം അറിയിച്ചു. മഴക്കാലത്ത് മണ്ണിടിച്ചിലും ഉരുൾ പൊട്ടലുമാണ് പ്രശ്നമെങ്കില്‍ വേനൽകാലത്ത് പൊടി ശല്യവും രൂക്ഷമാണ്. കഴിഞ്ഞ മെയ് മാസത്തിൽ സംഭവ സ്ഥലം സന്ദർശിച്ച തഹസിൽദാർ മണ്ണ് നീക്കം ചെയ്യാൻ നോട്ടീസ് നൽകിയതാണ്.
എന്നിട്ടും ഫലമുണ്ടായില്ല. മണ്ണ് അടിയന്തരമായി നീക്കം ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ട്. ഇല്ലെങ്കിൽ ക്വാറിയുടെ പ്രവർത്തനം അനുവദിക്കില്ലെന്ന് റവന്യു വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പക്ഷേ ഇതൊന്നും ഇവിടെ നടപ്പായില്ലെന്നാണ് നാട്ടുകാർ പറയുന്നത്. വലിയ ദുരന്തത്തിന് വഴിയൊരുക്കാതെ വിഷയത്തിൽ അടിയന്തര പരിഹാരം ഉണ്ടാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
തലയ്ക്ക് മുകളിലൊരു ജലബോംബ്: പഞ്ചായത്തിന്‍റെ ഏറ്റവും ഉയർന്നഭാഗത്ത് വൻതോതിൽ വെള്ളം കെട്ടിനിർത്തിയത് വലിയ അപകടത്തിന് വഴിവെക്കുമെന്നും നാട്ടുകാർ പറയുന്നു. ഉയര്‍ന്ന സ്ഥലത്തുള്ള ക്വാറിയുടെ മണലും ക്വാറിപ്പൊടിയും മണ്ണും കെട്ടിക്കിടന്ന വെള്ളത്തിൽ കലർന്നു. ഈ വൻ ജലസംഭരണിയിലെ വെള്ളം പൊട്ടിയൊഴുകിയാൽ താഴ്വാരത്തെ 50 ഓളം കുടുംബങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകും. ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന സ്ഥലം കൂടിയാണിത്.
ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. ക്വാറിയുടെ ഭാഗമായുള്ള മണ്ണ് എങ്ങനെ മാറ്റണം എന്നതിനെ കുറിച്ച് വിദഗ്ധ സമിതി തീരുമാനമെടുക്കുമെന്നാണ് ജിയോളജി വകുപ്പ് അധികൃതർ പറയുന്നത്. ഈ മഴക്കാലത്ത് മണ്ണ് നീക്കം ചെയ്യുന്നത് ഗുരുതരമായ പരസ്ഥിതി പ്രശ്‌നമുണ്ടാക്കുമെന്നും ജിയോളജി വകുപ്പ് അധികൃതർ പറയുന്നു.
also read: പച്ചവിരിച്ച വീരമലക്കുന്നെവിടെ, ഇപ്പോൾ മഴക്കെടുതിയും മണ്ണെടുപ്പും മാത്രം: ആകാശക്കാഴ്‌ച