കാസര്‍കോട്: ബദിയടുക്കയില്‍ പൂട്ടിയിട്ട വീട്ടില്‍ കവര്‍ച്ച നടന്ന സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. 80 പവന്‍ സ്വര്‍ണം വീട്ടില്‍ സൂക്ഷിച്ചിരുന്നുവെങ്കിലും മോഷണം പോയത് 30 പവന്‍ മാത്രമാണന്ന് കണ്ടെത്തി.
ബദിയടുക്കയില്‍ ഫാന്‍സികട നടത്തുന്ന ശ്രീനിവാസ റാവുവും കുടുംബവും വീടുപൂട്ടി കൊല്‍ക്കത്തയിലേക്ക് പോയ സമയത്താണ് കവര്‍ച്ച നടന്നത്. വീട്ടിലുണ്ടായിരുന്ന 80 പവന്‍ സ്വര്‍ണ്ണവും രണ്ടു ലക്ഷം രൂപയും നഷ്ടപ്പെട്ടിരിക്കും എന്നാണ് മോഷണ വിവരം അറിഞ്ഞ വീട്ടുടമ കൊല്‍ക്കത്തയില്‍നിന്ന് പൊലീസിനെ അറിയിച്ചിരുന്നതെങ്കിലും ഉടമ തിരിച്ചെത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് ബാക്കി സ്വര്‍ണം കണ്ടെത്തിയത്. വീട്ടിലെ ഏഴ് അലമാരകള്‍ മോഷ്ടാക്കള്‍ കുത്തിത്തുറന്നിട്ടുണ്ടങ്കിലും പെട്ടെന്ന് കണ്ണില്‍പ്പെട്ട ആഭരണങ്ങള്‍ മാത്രമാണ് എടുത്തിട്ടുള്ളത്. എളുപ്പം കണ്ടെത്താത്ത രീതിയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം മോഷണം പോയിട്ടില്ല. 30,000 രൂപ വിലവരുന്ന കാമറയും രണ്ട് ലക്ഷത്തോളം രൂപയും മോഷ്ടാക്കള്‍ കവര്‍ന്നിട്ടുണ്ട്. അലമാരയില് സൂക്ഷിച്ച സാധനങ്ങളൊക്കെയും വാരിവലിച്ചിട്ട നിലയിലായിരുന്നു. വെള്ളിയാഴ്ചയാണ് ശ്രീനിവാസറാവു കുടുംബസമേതം കൊല്‍ക്കത്തയിലെ മകളുടെ വീട്ടിലേക്ക് പോയത്. ഞായറാഴ്ച രാവിലെ ജോലിക്കാരനാണ് വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടത്. ഫോറന്‍സിക് വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ 29 വിരലടയാളങ്ങള്‍ കണ്ടെത്തി. വീട്ടിലെ വാതില്‍, അലമാരകള്‍ എന്നിവടങ്ങളില്‍ നിന്നും ലഭിച്ച വിരലടയാളങ്ങള്‍ വീട്ടുകാരുടെ വിരലടയാളവുമായി ഒത്തുനോക്കിയ ശേഷം അല്ലാത്തവ കണ്ടെത്തുകയാണ് അന്വേഷണസംഘത്തിന്റെ ലക്ഷ്യം. ഇതിനായി വീട്ടുകാരുടെ വിരല്‍ അടയാളങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. രണ്ടുമാസം മുന്‍പ് വീട്ടില്‍ സിസിടിവി ക്യാമറ വാങ്ങിച്ചിരുന്നുവെങ്കിലും സ്ഥാപിച്ചിരുന്നില്ല. എഎസ്പി പ്രശോഭിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് കേസിന്‍റെ അന്വേഷണ ചുമതല.