കാസർകോട്: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ് പ്രതി എം.സി കമറുദ്ദീൻ എംഎൽഎയുടെ ജയിൽ വാസം നീളാൻ സാധ്യത. 11 കേസുകളിൽ കൂടി അന്വേഷണ സംഘം കമറുദീന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. ജാമ്യപേക്ഷയിൽ നാളെയാണ് കോടതി വിധി. കണ്ണൂർ, കാസർകോട് ജില്ലകളിലായി രജിസ്റ്റർ ചെയ്‌ത കേസുകളിലാണ് പുതുതായി അറസ്റ്റ് രേഖപ്പെടുത്തിയത്.
കസ്റ്റഡി സമയം അവസാനിച്ചതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കിയപ്പോൾ നിരവധി കേസുകൾ കൂടി രജിസ്റ്റർ ചെയ്ത വിവരം പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു. ഈ കേസുകളിലെല്ലാം അന്വേഷണം പുരോഗമിക്കുന്ന കാര്യവും പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചു. ഇതോടെയാണ് രജിസ്റ്റർ ചെയ്ത 11 കേസുകളിൽ കമറുദ്ദീനെ അറസ്റ്റ് ചെയ്യാൻ കോടതി അനുമതി നൽകിയത്. അതിനാൽ ആദ്യം അറസ്റ്റിലായ മൂന്ന് കേസുകളിൽ ജാമ്യം ലഭിച്ചാലും ജയിൽ മോചനം സാധ്യമാകില്ല.
വഞ്ചനാകുറ്റം ഉൾപ്പെടെ പല വകുപ്പുകളും നിലനിൽക്കില്ലെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും തട്ടിപ്പ് നടന്നതിന് തെളിവുണ്ടെന്നായിരുന്നു പ്രോസിക്യൂഷൻ്റെ എതിർവാദം. എന്നാൽ കസ്റ്റഡി കാലം നീട്ടണമെന്ന ആവശ്യം കോടതി നിരാകരിച്ചു. ദൈനം ദിന ഇടപാടുകൾ ചെയർമാൻ എന്ന നിലയിൽ നടത്തിയിട്ടില്ലെന്നും അതെല്ലാം എം.ഡി പൂക്കോയ തങ്ങളാണ് ചെയ്തതെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. പൂക്കോയ തങ്ങളെ അറസ്റ്റ് ചെയ്യാതെ കസ്റ്റഡി നീട്ടുന്നത് പ്രത്യേക ലക്ഷ്യത്തോടെണ്. എംഎൽഎയെ വ്യക്തിപരമായി അധിക്ഷേപിക്കാനാണ് ശ്രമമെന്നും പ്രതിഭാഗം പറഞ്ഞു.
അതേസമയം സ്ഥാപനം പൂട്ടിപ്പോയ കാര്യം കമ്പനി രജിസ്ട്രാറെ അറിയിച്ചിരുന്നില്ലെന്നും പ്രവർത്തനം നിലച്ച് രണ്ട് വർഷം കഴിഞ്ഞും സ്ഥാപനത്തിൻ്റെ പേരിൽ നിക്ഷേപം സ്വീകരിച്ച കാര്യവും പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചു. സ്ഥാപനം പൂട്ടിയാൽ ബാധ്യതകൾ തീർക്കാൻ നിയമപ്രകാരം ലിക്വിഡേഷൻ നടപടികളും നടന്നില്ല. വാഹനം ഉൾപ്പെടെ ആസ്‌തികൾ എല്ലാം വിറ്റുവെന്നും പ്രോസിക്യൂഷൻ പറഞ്ഞു. നിലവിൽ വൈദ്യ പരിശോധനയ്ക്ക് വിധേയനായ കമറുദ്ദീൻ കാഞ്ഞങ്ങാട് ജില്ലാ ജയിലിലാണ്.