കാസർകോട്: കാലം തെറ്റിയുള്ള മഴയുടെ വരവ് കർഷകരെ ദുരിതത്തിലാക്കി. കനത്ത മഴയിൽ വെള്ളം കെട്ടി നിന്നതോടെ വിളവിന് പാകമായ പച്ചക്കറികൾ പൂർണമായും നശിച്ചു. കൊവിഡ് കാലത്ത് തൊഴിൽ ലഭ്യത കുറഞ്ഞപ്പോൾ മണ്ണിലെ വിളവ് പ്രതീക്ഷിച്ചവർക്ക് മഴ വില്ലനായി. കാസർകോട്ടെ പ്രധാന ജൈവ പച്ചക്കറി ഉൽപാദന കേന്ദ്രമായ മടിക്കൈ എരിക്കുളത്തെ പാടത്തെ കർഷകരാണ് പ്രതിസന്ധിയിലായത്. 40 ഏക്കറോളം വരുന്ന പാടത്തെ പച്ചക്കറികൾ ഭൂരിഭാഗവും അപ്രതീക്ഷിതമായി പെയ്‌ത മഴയിൽ നശിച്ചു. വിളവെടുക്കാറായ വെള്ളരികളും മത്തനുമെല്ലാം വയലിൽ വെള്ളം കെട്ടിയതോടെ ചീഞ്ഞു തുടങ്ങി.
ജനുവരി, ഫെബ്രുവരി മാസങ്ങൾ പാവക്കയുടെ വിളവെടുപ്പ് കാലമാണ്. മഴ കനത്തതോടെ മണ്ണ് കുതിർന്ന് പന്തലുകൾ നിലം പതിച്ചു. ഏക്കറുകണക്കിന് ദൂരത്തെ പന്തലുകൾ ഒന്നാകെ നിലം പൊത്തിയതോടെ വിളവിന് പാകമായ പാവക്കകൾ എല്ലാം നശിച്ചു. വലിയ നഷ്‌ടം സംഭവിക്കാതിരിക്കാൻ പന്തലുകളിൽ ഓരോന്നിൽ നിന്നും ഉപയോഗ യോഗ്യമായവ മാത്രം കണ്ടുപിടിക്കേണ്ട ഗതികേടിലാണ് കർഷകർ. എരിക്കുളത്തെ ഭൂരിഭാഗം കുടുംബങ്ങൾക്കും ഇവിടെ കൃഷിയുണ്ട്. കാലം തെറ്റിയ മഴ ചതിച്ചെങ്കിലും നഷ്‌ടം നികത്താൻ സർക്കാർ സഹായം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ.