കാസർകോട്: ജില്ലയില്‍ ഭീതി പരത്തി ഡെങ്കിപ്പനി വ്യാപനം. മുൻ വർഷങ്ങളില്‍ ഡെങ്കിപ്പനി മലയോര മേഖലകളിലാണ് കൂടുതല്‍ റിപ്പോർട്ട് ചെയ്തത് എങ്കിലും ഈ വർഷം മലയോരത്തിന് പുറത്തുള്ളവരിലും രോഗബാധ കണ്ടെത്തി. രോഗ ലക്ഷണങ്ങൾ ഉള്ളവരുടെ കണക്ക് ഉയരുന്നതും ആശങ്ക കൂട്ടുന്നുണ്ട്. കൊവിഡ് രോഗ ഭീഷണി ഉയർന്ന ഏപ്രിൽ മാസത്തിലാണ് ജില്ലയിൽ ഡെങ്കിപ്പനിയും റിപ്പോർട്ട് ചെയ്തത്. മലയോര മേഖലയായ ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, കള്ളാർ, ബളാൽ പഞ്ചായത്തുകളിൽ ഉള്ളവരിലാണ് രോഗബാധ കണ്ടത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിൽ ഡെങ്കിപ്പനി പ്രതിരോധവും ആരോഗ്യ വകുപ്പ് മുൻ കൈയെടുത്ത് നടത്തിയെങ്കിലും പകർച്ചവ്യാധി നിയന്ത്രണ വിധേയമാക്കാനായിട്ടില്ല. കാലവർഷത്തിന്‍റെ തുടക്കത്തിൽ തന്നെ മുൻ വർഷത്തെക്കാളേറെ രോഗബാധിതർ ആശുപത്രിയിലെത്തിയതാണ് ആശങ്ക കൂട്ടുന്നത്. കിഴക്കൻ മലയോര മേഖലക്ക് പുറമെ പൈവളിഗെ, മഞ്ചേശ്വരം തുടങ്ങിയ വടക്കൻ മേഖലകളിലും രോഗം റിപ്പോർട്ട് ചെയ്യുന്നുണ്ട്.
കൊതുക് വളരാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുകയെന്നതാണ് പകർച്ചവ്യാധി പ്രതിരോധത്തിനുള്ള പ്രധാന മാർഗമെന്ന് ഡിഎംഒ ഡോ.എ.വി രാമദാസ് പറഞ്ഞു. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ പൊതു ജനങ്ങളുടെ സഹകരണം അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പരിസര ശുചീകരണത്തിന് പ്രാമുഖ്യം കൊടുക്കുന്നതിനൊപ്പം വെള്ളം കെട്ടിക്കിടക്കാൻ സാധ്യത ഉള്ളതിനാൽ തോട്ടങ്ങളിലെ ജലസേചനങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തേണ്ടി വരും.