കാസര്‍കോട്: ജീവിത പോരാട്ടത്തിന്‍റെ ചൂടും ചൂരുമായി തെരഞ്ഞെടുപ്പ് ഗോദയിൽ ഒരു കൈ നോക്കുകയാണ് കാസർകോട് മാങ്ങാട് മുദിയക്കാലിലെ ബിന്ദുകൃഷ്‌ണൻ. കുടുംബത്തിന്‍റെ വിശപ്പടക്കാൻ തെങ്ങുകയറ്റ തൊഴിലാളിയായും ഓട്ടോ ഡ്രൈവറായും പല വേഷങ്ങളിൽ തന്നെ കണ്ട നാട്ടുകാർക്കിടയിലേക്കാണ് ഈ സ്ഥാനാർഥി വോട്ട് തേടി പോകുന്നത്.
ഉദുമ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി കുട ചിഹ്നത്തിലാണ് ബിന്ദുവിന്‍റെ കന്നിയങ്കം. അമ്മയും മക്കളുമടങ്ങുന്ന കുടുംബത്തിന്‍റെ ആശ്രയമാണ് ബിന്ദു. കുടുംബം പട്ടിണിയില്ലാതെ കഴിയാൻ നല്ലതെന്ന് തോന്നുന്ന ജോലിയെന്തും ചെയ്യുക. അന്നന്നത്തെ അന്നത്തിനൊപ്പം ഭാവി കൂടി കണ്ട് മിച്ചം പിടിച്ചു ജീവിതം കരുപ്പിടിപ്പിക്കുക. പ്രതിസന്ധികൾക്കിടയില്‍ പതറാതെയുള്ള ഓട്ടത്തിനിടയിലാണ് തദ്ദേശ തെരഞ്ഞെടുപ്പ് പോരിനായി ബിന്ദു അരയും തലയും മുറുക്കി രംഗത്തിറങ്ങിയത്.
മൈലാട്ടി ഓട്ടോ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായും പുലർകാലങ്ങളിൽ മുദിയക്കാൽ മേഖലയിലെ തെങ്ങിൻ പറമ്പുകളിലേക്ക് തളപ്പുമായി എത്തുന്ന ബിന്ദുവിന് ഇത് മറ്റൊരു പോരാട്ടമാണ്. സിപിഎമ്മിന്‍റെ കുത്തക വാർഡിലാണ് ബിന്ദു ജനവിധി തേടുന്നത്.തന്‍റെ കോൺഗ്രസ് പശ്ചാത്തലത്തിന്‍റെ പേരിൽ കൊവിഡ് കാലത്ത് സിപിഎം പ്രവർത്തകർ തന്നെയും കുടുംബത്തെയും ഒറ്റപ്പെടുത്തിയതാണ് സ്ഥാനാര്‍ഥിത്വത്തിന് കാരണമെന്ന് ബിന്ദു പറയുന്നു.
പൊതിച്ചോറും കിറ്റും നാടാകെ വിതരണം ചെയ്‌തപ്പോൾ തന്നെ മാത്രം ഒഴിവാക്കിയതിൽ പ്രതിഷേധമാണ് ഈ തെരഞ്ഞെടുപ്പിൽ ബിന്ദു രേഖപ്പെടുത്തുന്നത്. താന്‍ തെങ്ങുകയറാൻ പോകുന്ന ഇടങ്ങളിലുള്ളവരാണ് വാർഡിലെ വോട്ടർമാർ. അതിനാൽ നാടാകെയുള്ള പിന്തുണ തനിക്കുണ്ടാകുമെന്ന് ബിന്ദു ഉറച്ചുവിശ്വസിക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടയില്‍ തന്‍റെ ഓട്ടോയ്ക്ക് അല്‌പം വിശ്രമം കൊടുത്തുവെങ്കിലും തെങ്ങുകയറ്റത്തിന് മുടക്കം ഉണ്ടായിട്ടില്ല. അതിരാവിലെ പ്രദേശത്തെ പറമ്പുകളിൽ തേങ്ങയിട്ട ശേഷമാണ് വോട്ട് അഭ്യർഥന. ജീവിത പ്രതിസന്ധികളോടൊന്നും സമരസപ്പെടാതെ മുന്നോട്ടുപോയ ബിന്ദുവിന് ഈ തെരഞ്ഞെടുപ്പ് പോരൊന്നും ഒരു പരീക്ഷണമേ ആകുന്നില്ല.