കാസർകോട്: മുന്‍തെരഞ്ഞെടുപ്പില്‍ മത്സരിച്ചവര്‍ വീണ്ടും തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്നത് സാധാരണയാണ്. എന്നാല്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പഞ്ചായത്ത് വാര്‍ഡിലേക്ക് മത്സരിച്ച സ്ഥാനാര്‍ഥികള്‍ വീണ്ടും നേര്‍ക്ക് നേര്‍ മത്സരിച്ചാലോ. അത്തരമൊരു കൗതുകം നിറഞ്ഞ തെരഞ്ഞെടുപ്പ് വിശേഷമാണ് പരപ്പ ബ്ലോക്ക് പഞ്ചായത്തിലെ പാണത്തൂര്‍ ഡിവിഷനില്‍. 2015ലെ തെരഞ്ഞെടുപ്പില്‍ പനത്തടി പഞ്ചായത്തിലെ 14ാം വാര്‍ഡിലെ വിജയിയാണ് ആശാ സുരേഷ്. യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന ആശയുടെ ജയം 16 വോട്ടിന്. എതിര്‍ സ്ഥാനാര്‍ഥികളായിരുന്നവര്‍ ഇടതുമുന്നണിയിലെ എ.പത്മകുമാരിയും ബിജെപിയിലെ രമാദേവിയും. അഞ്ചാണ്ട് പിന്നിടുമ്പോള്‍ മറ്റൊരു തെരഞ്ഞെടുപ്പില്‍ ബ്ലോക്ക് ഡിവിഷനിലേക്കുള്ള മത്സരത്തിലും ഇവര്‍ പരസ്പരം പോരിലാണ്. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പാണത്തൂര്‍ ഡിവിഷനിലേക്കാണ് മൂന്ന് മുന്നണി സ്ഥാനാര്‍ഥികളായി ഇവരെത്തുന്നത്.
ശക്തമായ ത്രികോണ മത്സരമുണ്ടെങ്കിലും ഉടവില്ലാത്ത സൗഹൃദത്തോടെയാണ് ഇവരുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍. മത്സര ആവേശങ്ങള്‍ക്കപ്പുറം വീണ്ടും ഒരുമിച്ച് മത്സരിക്കാന്‍ അവസരം ലഭിച്ചതിന്‍റെ സന്തോഷമാണ് മൂവര്‍ക്കും. ആശാ സുരേഷ് പഞ്ചായത്തംഗമായും ഇടതുമുന്നണിയിലെ പത്മകുമാരി അംഗനവാടി ടീച്ചറായും രമാദേവി തൊഴിലുറപ്പ് തൊഴിലാളിയായും തങ്ങളുടെ കര്‍മ മണ്ഡലത്തില്‍ തുടരുന്നതിനിടെയാണ് ഈ തെരഞ്ഞെടുപ്പിലും സ്ഥാനാര്‍ഥികളാകാനുള്ള പാര്‍ട്ടികളുടെ തീരുമാനം. ഇടതുമുന്നണിയുടെ കൈയിലുള്ളതാണ് പാണത്തൂര്‍ ഡിവിഷനെങ്കിലും ശക്തമായ തെരഞ്ഞെടുപ്പ് പോരിന് ഇവിടം സാക്ഷ്യം വഹിക്കുന്നു. ഇക്കുറി ബ്ലോക്ക് ഡിവിഷനില്‍ ഈ മൂന്ന് പേര്‍ മത്സരിക്കുമ്പോള്‍ ഡിവിഷന്‍ ആരെ തുണക്കുമെന്ന കൗതുകമാണ് നാടാകെയുള്ളത്.