കാസര്‍കോട്: പച്ചപ്പണിഞ്ഞ കാഞ്ഞങ്ങാടിന്‍റെ ഗ്രാമവീഥികളിലൂടെ തെയ്യങ്ങള്‍ എത്തിതുടങ്ങി. അരയിപുഴ കടന്നെത്തുന്ന ഐശ്വര്യത്തെ കാത്ത് നില്‍ക്കും കാഞ്ഞങ്ങാട്ടുള്ള ഭക്തജനങ്ങള്‍. തെയ്യക്കളിയാട്ടക്കാലത്ത് കാഞ്ഞങ്ങാട് നിന്നുളള അപൂർവവും മനോഹരവുമായ കാഴ്‌ചകളിലൊന്നാണ് കാർത്തിക കാവിലെ കളിയാട്ടം.
തോണിയിലേറി പുഴ കടന്നെത്തുന്ന തെയ്യങ്ങള്‍ക്കൊപ്പം വാദ്യക്കാരും പരിചാരകരും ഉണ്ടാകും. പുഴകടന്നെത്തുമ്പോള്‍ തന്നെ തെയ്യങ്ങള്‍ക്കായി മറുകരയില്‍ ഭക്തര്‍ കാത്ത് നില്‍ക്കും. ഭക്തര്‍ക്ക് അനുഗ്രഹം ചൊരിഞ്ഞ് ഇക്കര കാവിലെ കാലിച്ചനുമായി തെയ്യങ്ങള്‍ കൂടിക്കാഴ്‌ച നടത്തും. കാവിലും തെയ്യങ്ങളുടെ അനുഗ്രഹം തേടിയെത്തുന്ന നിരവധി ഭക്തരുണ്ട്.
കർഷക ദേവതയായ കാർത്തിക ചാമുണ്ഡി, തേയത്തുകാരി, ഗുളികൻ തെയ്യങ്ങള്‍ എന്നിവയാണ് തെയ്യങ്ങളുടെ കൂട്ടത്തിലുണ്ടാവുക. അതുകൊണ്ട് തന്നെ കാഞ്ഞങ്ങാട് അരയി ദേശത്തെ നെൽകൃഷിക്കും കന്നുകാലികൾക്കും തെയ്യങ്ങൾ ഐശ്വര്യവും രക്ഷയുമേകുമെന്നാണ് ഗ്രാമ വിശ്വാസം. സര്‍വ ഐശ്വര്യവും ചൊരിഞ്ഞ് തെയ്യങ്ങള്‍ അരയി ദേശത്ത് നിന്ന് വാദ്യകാരുടെയും പരിചാരകരുടെയും അകമ്പടിയോടെ നടന്നകലും.