കാസർകോട്: സംസ്ഥാനത്തെ ആദ്യ കൊവിഡ് ആശുപത്രിയും പോസ്റ്റ് കൊവിഡ് ക്ലിനിക്കും ഇന്ന് പ്രവർത്തനം ആരംഭിക്കും. ചട്ടഞ്ചാൽ തെക്കിൽ വില്ലേജിൽ ടാറ്റ ഗ്രൂപ്പ് നിർമിച്ച ആശുപത്രിയാണ് ഉദ്‌ഘാടനം നടന്ന് ഒന്നര മാസത്തിന് ശേഷം പ്രവർത്തനം ആരംഭിക്കുന്നത്. 591 കിടക്കകൾ ഉള്ള ആശുപത്രിയിൽ തീവ്ര പരിചരണം ആവശ്യമായവരെ ഉൾപ്പെടെ ചികിത്സിക്കാൻ സാധിക്കും. 191 തസ്‌തികകൾ അടിയന്തരമായി സൃഷ്ടിച്ചാണ് ആശുപത്രി പ്രവർത്തനം.
കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായി ആശുപത്രിയിൽ ചികിത്സ തേടി രോഗം ഭേദമായ കാറ്റഗറി സി വിഭാഗം രോഗികൾ, കൊവിഡ് ഭേദമായ ആരോഗ്യ പ്രവർത്തകർ എന്നിവർക്ക് തുടർചികിത്സ നൽകുന്നതിനായി ജില്ലയിലാദ്യത്തേതും സംസ്ഥാനത്തെ രണ്ടാമത്തേയും പോസ്റ്റ് കൊവിഡ് ക്ലിനിക് കാസർഗോഡ് ജനറൽ ആശുപത്രിയിലാണ് പ്രവർത്തനമാരംഭിക്കുന്നത്.