കാസർകോട്: ജില്ലയിൽ കൂടുതൽ പേർ കൊവിഡിനെ അതിജീവിക്കുന്നു. ജില്ലാ ആശുപത്രിയിൽ നിന്ന് പത്ത് പേരും ജനറൽ ആശുപത്രിയിൽ നിന്ന് രണ്ടു പേരുമാണ് ഇന്ന് രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയത്. 72 പേരാണ് ജില്ലയിൽ ഇതിനകം രോഗം മാറി ആശുപത്രി വിട്ടത്. ഇതോടെ രോഗം സ്ഥിരീകരിച്ചു ആശുപത്രികളിൽ കഴിയുന്നവരുടെ എണ്ണം 93 ആയി കുറഞ്ഞു. അതേ സമയം തുടർച്ചയായ രണ്ടാം ദിവസവും ജില്ലയിൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യാത്തത് നല്ല സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. അതേ സമയം ഇന്ന് പുതിയതായി ഒരാളെ കൂടി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.
ആശുപത്രികളിൽ കഴിയുന്ന 216 പേർ ഉൾപ്പെടെ 10056 പേരാണ് ജില്ലയിൽ നീരീക്ഷണത്തിൽ ഉള്ളത്. ഇതുവരെ 2533 സാമ്പിളുകൾ പരിശോധനക്കയച്ചതിൽ 1659 പേരുടെ പരിശോധന ഫലം നെഗറ്റീവ് ആണ്. ഇനി 540 പേരുടെ ഫലമാണ് ലഭ്യമാകാനുള്ളത്. ഇന്ന് മാത്രം 106 സാമ്പിളുകൾ പരിശോധനക്കയച്ചു. അതേസമയം സമൂഹവ്യാപനം നീരിക്ഷിക്കുന്നതിന്‍റെ ഭാഗമായി ജില്ലയിലെ ഫീൽഡ് വിഭാഗം ജീവനക്കാർ 2371 വീടുകൾ സന്ദർശനം നടത്തിയതിലൂടെ 11446 പേരെ പരിശോധിച്ചു. മറ്റു രോഗലക്ഷങ്ങൾ ഉള്ള ഒമ്പത് പേരെ ജനറൽ ആശുപത്രിയിലേക്കു മാറ്റി.