കാസർകോട്: ജില്ലയിൽ ആറു പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ രണ്ട് സ്ത്രീകളും രണ്ട് വയസുള്ള കുട്ടിയും പതിനേഴാം തിയതി കൊവിഡ് 19 പോസിറ്റീവായ കളനാട് സ്വദേശിയുടെ അടുത്ത ബന്ധുക്കളാണ്. ഇവരെ പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രി ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. 17 ന് കൊവിഡ് പോസിറ്റീവായ കളനാട് സ്വദേശിയോടൊപ്പം കാറിൽ സഞ്ചരിച്ച വ്യക്തിയാണ് കൊവിഡ് സ്ഥിരീകരിച്ച മറ്റൊരാൾ. ഇയാളെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഡിഎംഒ ഡോ. എ.വി രാംദാസ് അറിയിച്ചു.
കൊവിഡ് സ്ഥിരീകരിച്ച മറ്റ് രണ്ടു പേർ ദുബൈയിൽ നിന്നും വന്നരാണ്. ഇവരിൽ ഒരാൾ 52 വയസുകാരനാണ്. ഇയാൾ ഈ മാസം 17 ന് ഷാർജയിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങി. രണ്ടാമത്തെയാൾക്ക് 27 വയസാണ്, ഇയാൾ 17 ന് ദുബൈയിൽ നിന്നും മംഗലാപുരം വിമാനത്താവളത്തിൽ വന്നിറങ്ങിയ ആളാണ്. ഇവരെ കാസർകോട് ജനറൽ ആശുപത്രി ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.