കാസര്‍കോട്: വനമേഖലയോട് ചേർന്നുള്ള അതിർത്തികളിലെ പൊലീസുകാര്‍ക്ക് ആയുധങ്ങൾ നൽകി. കാസർകോട് ദേലംപാടി പഞ്ചായത്തിലെ തലപ്പച്ചേരിയിൽ ആനത്താരയോട് ചേർന്നുള്ള പൊലീസ് ചെക്ക് പോസ്റ്റിൽ ഒരു ലാത്തി മാത്രം കൈയിൽ കരുതിയുള്ള പൊലീസുകാരുടെ സാഹസം നിറഞ്ഞ ജോലി സംബന്ധിച്ച ഇടിവി ഭാരത് വാർത്തയെ തുടർന്നാണ് നടപടി.
വാർത്ത ശ്രദ്ധയിൽപ്പെട്ട എ.ഡി.ജി.പി മനോജ് എബ്രഹാമും ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബുമാണ് പൊലീസുകാരുടെ സുരക്ഷക്ക് ആവശ്യമായ നടപടിയെടുക്കാൻ നിർദേശിച്ചത്. ഇത് പ്രകാരം ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ തലപ്പച്ചേരി, പരപ്പ, കൊട്ടിയാടി, കിന്നിഗാർ, നെട്ടണിഗെ, കൊളത്തിലപ്പാറ, കയർപ്പദവ് ചെക്ക് പോയന്‍റുകളിൽ തോക്കുകളെത്തിച്ചു. ഇവിടങ്ങളിൽ പൊലീസ് മെസിൽ നിന്ന് ഭക്ഷണമെത്തിക്കാനും, വൈദ്യുതി സൗകര്യമൊരുക്കാനും, അധികമായി ഒരാളെ കൂടി ഡ്യൂട്ടിക്ക് നിയോഗിക്കാനുമാണ് തീരുമാനമായത്.
വനമേഖലയിൽ ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഏഴ് ചെക്ക് പോയിന്‍റുകളിലാണ് സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയത്. തലപ്പച്ചേരിയിൽ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയ ഷെഡിലിരുന്ന് കടുത്ത ചൂടിനെയും അവഗണിച്ചു അതിർത്തിയിൽ നിൽക്കുന്ന പൊലീസുകാരുടെ അവസ്ഥയാണ് ഇടിവി ഭാരത് അധികൃതർക്ക് മുന്നിലെത്തിച്ചത്.
രണ്ട് പൊലീസുകാർ വീതം 24 മണിക്കൂർ ഡ്യൂട്ടിയിലാണ് തലപ്പച്ചേരി ചെക്ക് പോയന്‍റിലേക്ക് പൊലീസുകാർ എത്തുന്നത്. കർണാടകയിലെ സുള്ള്യ, മണ്ടക്കോൽ പ്രദേശങ്ങളുമായി അതിരിടുന്ന തലപ്പച്ചേരിയിൽ ഊടുവഴികളിലൂടെ അതിത്തി കടക്കുന്നത് തടയുന്നതിനായാണ് ചെക്ക് പോസ്റ്റ് സ്ഥാപിച്ചത്. എന്നാൽ കാട്ടാനകളും കാട്ടുപോത്തുകളും ഇറങ്ങുന്ന വനമേഖലയില്‍ ഒരു ലാത്തി മാത്രം കൈയിൽ കരുതിയായിരുന്നു പൊലീസുകാരുടെ സേവനം. വൈദ്യുതി പോലുമില്ലാത്തതിനാൽ സന്ധ്യയായാൽ ടോർച്ചും മെഴുകുതിരി വെളിച്ചവുമായിരുന്നു ആശ്രയം. നാട്ടുകാരായിരുന്നു പൊലീസുകാർക്ക് ഭക്ഷണമെത്തിച്ചിരുന്നത്. ഈ പ്രയാസങ്ങൾക്കാണ് ഇപ്പോൾ പരിഹാരമായത്.