കാസർകോഡ് ഇരട്ടകൊലപാതക കേസ് അന്വേഷണം ക്രൈംബ്രാഞ്ച് ഇന്ന് ഏറ്റെടുക്കും. കൊലപാതകത്തിൽ അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഇന്ന് കാസർകോഡ് എസ് പിഓഫീസിലേക്ക് മാർച്ച് നടത്തും.
കാസർകോഡ് ഇരട്ടകൊലപാതക കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യം കുടുംബവും കോൺഗ്രസും ശക്തമായി ഉന്നയിക്കുന്നതിനിടെയാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നത്. നിലവിലെ അന്വേഷണ സംഘം കേസ് രേഖകളും ഫയലുകളും ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറും.
പൊലീസ് കസ്റ്റഡിയിലുള്ള ഒന്നാം പ്രതി പീതാംബരന്‍റെയും രണ്ടാം പ്രതി സജി ജോർജിന്‍റെയും കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. കോടതിയിൽ ഹാജരാക്കുന്ന ഇവരെയും മറ്റ് അഞ്ച് പ്രതികളെയും ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ ആവശ്യപ്പെടും. എന്നാല്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിലുറച്ച് നില്‍ക്കുകയാണ് കൊല്ലപ്പെട്ട കൃപേഷിന്‍റെയും ശരത്ലാലിന്‍റെയും ബന്ധുക്കളും കോണ്‍ഗ്രസും.
ഇരട്ടക്കൊലപാതകം അന്വേഷിക്കുന്നത് രാഷ്ട്രീയം നോക്കിയല്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയിരുന്നു. എല്ലാ ആരോപണങ്ങളും പരിഗണിച്ചാണ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.