കാസര്‍കോട്: പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കി കാസര്‍കോട് നഗരസഭ. ബിജെപി അംഗങ്ങളുടെ പ്രതിഷേധത്തിനും ഇറങ്ങിപ്പോക്കിനുമിടെ ഭൂരിപക്ഷ പിന്തുണയിലാണ് പ്രമേയം പാസാക്കിയത്. പ്രമേയം അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം കൗണ്‍സിലര്‍ കെ.ദിനേശ് നോട്ടീസ് നല്‍കിയിരുന്നു.
പ്രത്യേക കൗണ്‍സില്‍ യോഗം വിളിച്ചു ചേര്‍ത്താണ് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം ചര്‍ച്ചക്കെടുത്തത്. മുസ്ലീം ലീഗ് അംഗം ഹമീദ് ബെദിരയാണ് പ്രമേയം അവതരിപ്പിച്ചത്. പ്രമേയാവതരണത്തിന്റെ തുടക്കത്തില്‍ തന്നെ ബി.ജെ.പി കൗണ്‍സിലര്‍മാര്‍ സീറ്റുകളില്‍ നിന്നെഴുന്നേറ്റ് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. പിന്നാലെ നടുത്തളത്തിലേക്ക് നീങ്ങിയ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ചെയര്‍പേഴ്‌സന്‍റെ സമീപം സി.എ.എ അനുകൂല പ്ലക്കാര്‍ഡുയര്‍ത്തി പ്രമേയം കീറിയെറിഞ്ഞു. മുദ്രാവാക്യം വിളികളുമായി മറ്റ് കൗണ്‍സിലംഗങ്ങള്‍ സി.എ.എയെ എതിര്‍ത്തു. ബിജെപി അംഗങ്ങള്‍ കൗണ്‍സില്‍ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയ ശേഷമാണ് ഭൂരിപക്ഷ പിന്തുണയോടെ പ്രമേയം പാസാക്കിയത്. കൗണ്‍സില്‍ ഹാളിന് പുറത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ നഗരസഭാ ഭരണസമിതിയെ അഭിവാദ്യം ചെയ്തു.