കാസര്‍കോട്: കാസര്‍കോട് മിനി സിവില്‍ സ്‌റ്റേഷന്‍ യാഥാര്‍ഥ്യമാകുന്നു. പദ്ധതിയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണാനുമതിയായി. കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് ആധുനിക സംവിധാനത്തോടെയുള്ള കെട്ടിടം നിര്‍മ്മിക്കുന്നത്. കാസര്‍കോട് നഗരസഭക്കടുത്ത് പുലിക്കുന്നിലാണ് നിര്‍ദ്ദിഷ്‌ട മിനി സിവില്‍സ്റ്റേഷന്‍ വരുന്നത്. സിവില്‍ സ്റ്റേഷന്‍ യാഥാര്‍ഥ്യമാകുന്നതോടെ റവന്യൂ ഡിവിഷണല്‍ ഓഫീസ്, താലൂക്ക് ഓഫീസ്, മറ്റ് താലൂക്ക് തലത്തിലുള്ള ഓഫീസുകള്‍ തുടങ്ങിയവയെല്ലാം ഒരു കേന്ദ്രത്തില്‍ തന്നെ പ്രവര്‍ത്തിക്കും. ആദ്യഘട്ടമെന്ന നിലയില്‍ നിര്‍മ്മാണ പ്രവൃത്തിയുടെ ഇന്‍വെസ്റ്റിഗേഷന്‍ ജോലികള്‍ക്ക് അനുമതി ലഭിച്ചു.
നേരത്തെ കാസര്‍കോടിന്‍റെ വികസനത്തിനായി പ്രഭാകരന്‍ കമ്മിഷന്‍ തയ്യാറാക്കിയ റിപ്പോർട്ടിൽ ആര്‍.ഡി.ഒ ഓഫീസ്, താലൂക്ക് ഓഫീസ് നിര്‍മ്മാണം എന്നിവ പ്രത്യേകം പരാമര്‍ശിച്ചിരുന്നില്ല. എന്നാല്‍ താലൂക്ക് ഓഫീസുള്‍പ്പെടെയുള്ള റവന്യൂ വകുപ്പ് ഓഫീസുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുള്ള പ്രഭാകരന്‍ കമ്മിഷന്‍റെ പരാര്‍ശം ചൂണ്ടിക്കാട്ടി ജില്ലാ കലക്‌ടർ സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു. പിന്നീട് ആസൂത്രണ ബോര്‍ഡിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് പദ്ധതി രൂപരേഖ സംസ്ഥാനതല എംപവേര്‍ഡ് കമ്മിറ്റിക്ക് വിടുന്നതും അനുമതിയാകുന്നതും.