കാസർകോട്: ജനാധിപത്യത്തിന്‍റെ വിധിയെഴുത്തിനായി പോളിങ് ബൂത്തുകൾ സജ്ജമായി. ബ്ലോക്ക്, നഗരസഭാ അടിസ്ഥാനത്തില്‍ ജില്ലയിലെ എട്ടു കേന്ദ്രങ്ങളിലായാണ് പോളിങ് സാമഗ്രികൾ വിതരണം ചെയ്‌തത്. കാസര്‍കോട് ബ്ലോക്കിന് കീഴിലുള്ള പഞ്ചായത്തുകളുടെയും കാസര്‍കോട് നഗരസഭയുടെയും പോളിങ് സാമഗ്രികള്‍ കാസര്‍കോട് ഗവണ്‍മെന്‍റ് കോളജിലും കാഞ്ഞങ്ങാട് നഗരസഭയുടേത് ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും കാഞ്ഞങ്ങാട് ബ്ലോക്കിന്‍റേത് ദുര്‍ഗാ ഹയര്‍സെക്കന്‍ഡറിയിലും മഞ്ചേശ്വരം ബ്ലോക്കിനായി കുമ്പള ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളും കാറഡുക്ക ബ്ലോക്കിന് ബോവിക്കാനം ബിആര്‍എച്ച്എച്ച്എസ്എസും പരപ്പ ബ്ലോക്കിന് പരപ്പ ജിഎച്ച്എസിലും നീലേശ്വരം ബ്ലോക്കിന് പടന്നക്കാട് നെഹ്റു കോളജിലും നീലേശ്വരം നഗരസഭയുടേത് രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലുമാണ് വിതരണം ചെയ്‌തത്.
ജില്ലാ കലക്ടർ ഡോ.ഡി.സജിത് ബാബു, തെരഞ്ഞെടുപ്പ് നിരീക്ഷകൻ നരസിംഹഗാരി ടി എൽ റെഡി എന്നിവർ വിതരണ കേന്ദ്രങ്ങൾ സന്ദർശിച്ചു. ജില്ലാ പൊലീസ് മേധാവി ഡി ശിൽപ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. വരണാധികളുടെ നേതൃത്വത്തിലാണ് രാവിലെ സ്ട്രോങ് റൂം തുറന്ന് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ ബൂത്തുകളിലേക്ക് കൈമാറിയത്.