കാസര്‍കോട്: ദേശീയ പുരസ്‌കാര നിറവില്‍ കാസര്‍കോട് ജില്ലാ ആശുപത്രി. കേന്ദ്ര ആരോഗ്യവകുപ്പിന്റെ ദേശീയ ഗുണനിലവാര പുരസ്‌കാരമാണ് പ്രവര്‍ത്തന മികവിനെത്തുടര്‍ന്ന് ജില്ലാ ആശുപത്രിക്ക് ലഭിച്ചത്. സംസ്ഥാനത്ത് ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യത്തെ ജില്ലാ ആശുപത്രിയാണ് കാസര്‍കോട്ടേത്.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫാര്‍മസി, രക്തഘടക വിഭജന യൂണിറ്റ്, ട്രയാഷ് സൗകര്യമുള്ള അത്യാഹിത ചികിത്സാ വിഭാഗം, ഡയാലിസിസ് യൂണിറ്റ് തുടങ്ങിയ 17 യൂണിറ്റുകളുടെയും ഗുണനിലവാരത്തിനുള്ള അംഗീകാരമാണ് ജില്ലാ ആശുപത്രിയെ നേട്ടത്തിലെത്തിച്ചത്. പരിമിതികളേറെയുണ്ടെങ്കിലും അത് സേവനമികവിന് തടസമാകുന്നില്ലെന്നാണ് കേന്ദ്ര സംഘത്തിന്റെ വിലയിരുത്തല്‍. ഗുണനിലവാര പുരസ്‌കാരം ലഭിച്ചതോടെ 40 ലക്ഷം രൂപ വീതം മൂന്ന് വര്‍ഷത്തേക്ക് ആശുപത്രിക്ക് ലഭിക്കും. ഗ്രാന്റെന്ന നിലയില്‍ ലഭിക്കുന്ന തുക ആശുപത്രിയുടെ വികസനങ്ങള്‍ക്കായി ഉപയോഗിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ പറഞ്ഞു. പ്രവര്‍ത്തന മികവിന് സംസ്ഥാന സര്ക്കാരിന്റെ കായകല്‍പ്പ പുരസ്‌കാരത്തിന് പുറമെയാണ് ദേശീയ അംഗീകാരം ലഭിച്ചതെന്നതും ശ്രദ്ധേയമാണ്. മെഡിക്കല്‍ കോളജ് എന്ന കാസര്‍കോട്ടുകാരുടെ സ്വപ്‌നം യാഥാര്‍ഥ്യമാകാതിരിക്കുമ്പോഴും ആരോഗ്യ മേഖലയില്‍ തിളക്കമുണ്ടാക്കുന്ന നേട്ടമാണ് കാസര്‍കോട് ജില്ലാ ആശുപത്രി നേടിയത്.