കാസർകോട്: ജില്ലയില്‍ 11 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ എട്ട് പേര്‍ വിദേശത്ത് നിന്ന് വന്നവരും മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്. യുഎഇയില്‍ നിന്ന് വന്ന പള്ളിക്കര, ചെമ്മനാട്, മഞ്ചേശ്വരം, ഖത്തറില്‍ നിന്ന് വന്ന കാസർകോട്, ചെമ്മനാട്, കുവൈറ്റില്‍ നിന്ന് വന്ന ചെങ്കള, ചെമ്മനാട്, സൗദിയില്‍ നിന്ന് വന്ന ബളാല്‍ സ്വദേശികൾക്കും ബംഗളൂരുവില്‍ നിന്ന് വന്ന ഈസ്റ്റ് എളേരി, മഹാരാഷ്ട്രയില്‍ നിന്ന് വന്ന കുമ്പള, മംഗളൂരുവില്‍ നിന്ന് വന്ന ബെള്ളൂര്‍ സ്വദേശികൾക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. 15 പേരാണ് ഇന്ന് രോഗമുക്തി നേടിയത്.
പടന്നക്കാട് കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ നിന്ന് നീലേശ്വരം, മംഗല്‍പാടി (രണ്ട്), വോര്‍ക്കാടി സ്വദേശികളും കാഞ്ഞങ്ങാട് ജില്ല ആശുപത്രിയില്‍ നിന്ന് അജാനൂര്‍, കോടോംബേളൂര്‍ സ്വദേശികളും, അഞ്ചരക്കണ്ടി കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ നിന്ന് അജാനൂര്‍ സ്വദേശിയും, കണ്ണൂര്‍ ജില്ല ആശുപത്രിയില്‍ നിന്ന് കുമ്പള സ്വദേശിയും, കാസര്‍കോട് ഗവൺമെന്‍റ് മെഡിക്കല്‍ കോളജില്‍ നിന്ന് കുമ്പള, വലിയപറമ്പ (മൂന്ന്), മഞ്ചേശ്വരം സ്വദേശികളും ഉദയഗിരി സിഎഫ്എല്‍ടിസിയില്‍ നിന്ന് ബെള്ളൂര്‍, പനത്തടി സ്വദേശികളുമാണ് രോഗമുക്തരായത്.
വീടുകളില്‍ 6190 പേരും മറ്റിടങ്ങളില്‍ 480 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6670 പേരാണ്. പുതിയതായി 297 പേരെ നീരിക്ഷണത്തിലാക്കി. സെന്‍റിനല്‍ സര്‍വെ അടക്കം 317 പേരുടെ സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 1001 പേരുടെ പരിശോധന ഫലം ഇനിയും ലഭിക്കാനുണ്ട്. 455 പേരാണ് നിരീക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചത്.