കാസര്‍കോട്: സമ്പർക്കത്തിലൂടെ 37 പേർക്കടക്കം ജില്ലയില്‍ 40 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവരിൽ മൂന്നുപേർ ആരോഗ്യ പ്രവർത്തകരാണ്. മൂന്നുപേരുടെ ഉറവിടം വ്യക്തമായിട്ടില്ല. രണ്ട് പേര്‍ വിദേശത്ത് നിന്നും ഒരാള്‍ കര്‍ണാടകയില്‍ നിന്നും എത്തിയവരാണ്. കാസര്‍കോട് നഗരസഭയിലെ ഏഴ് പേര്‍, മധ്രൂരിലെ ആരോഗ്യ പ്രവർത്തകയടക്കം രണ്ടു പേർ, ചെങ്കളയിൽ രണ്ടു കുടുംബത്തിലെ ഒൻപതുപേർ, കുമ്പളയിൽ രണ്ട് ആരോഗ്യ പ്രവർത്തകർ, രണ്ടു കുടുംബങ്ങളിലെ പത്തുപേർ, മറ്റ് മൂന്നുപേർ, മടിക്കൈ സ്വദേശികള്‍ എന്നിവരാണ് പ്രാഥമിക സമ്പർക്കത്തിലൂടെ രോഗബാധിതരായത്.
കിനാനൂര്‍ കരിന്തളം, നീലേശ്വരം നഗരസഭ(രണ്ട്) എന്നിവരുടെ ഉറവിടം ലഭ്യമായിട്ടില്ല. സൗദിയില്‍ നിന്ന് വന്ന കുമ്പള ,പുല്ലൂര്‍ പെരിയ, കര്‍ണാടകയില്‍ നിന്ന് വന്ന കാറഡുക്ക സ്വദേശികൾക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഉദയഗിരി സിഎഫ്എല്‍ സിയില്‍ ചികിത്സയിലിരുന്ന രണ്ട് പേര്‍ , കാസര്‍കോട്, മുളിയാർ, കുമ്പഡാജ സ്വദേശികളും കാസര്‍കോട് മെഡിക്കല്‍ കോളജിലെ വൊർക്കാടി സ്വദേശിയുമാണ് രോഗമുക്തി നേടിയത്. ജില്ലയില്‍ 5109 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി 435 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. 670 സാമ്പിളുകളുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. പുതുതായി 320 പേരെ ആശുപത്രിയിലും കൊവിഡ് കെയര്‍ സെന്‍ററുകളിലും പ്രവേശിപ്പിച്ചു.