കാസര്‍കോട് : മഹാരാഷ്ട്രയില്‍ നിന്ന് വന്ന 13 പേര്‍ ഉള്‍പ്പെടെ 18 കാസർകോട് സ്വദേശികൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയ്ക്ക് പുറമേ കുവൈത്ത്(2), ഖത്തര്‍(1), ഷാര്‍ജ(1), തമിഴ്‌നാട്(1) എന്നിവടങ്ങളില്‍ നിന്നും വന്നവര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 67 ആയി.
മൂന്നാം ഘട്ടത്തിൽ ജില്ലയിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ദിവസം കൂടിയാണ് ഇന്ന്. പൈവളിഗെ (4), കാസർകോട് നഗരസഭ (4), മംഗൽപ്പാടി (3 ), മധൂർ (1), കുമ്പള (1) എന്നിങ്ങനെയാണ് മഹാരാഷ്ട്ര കേസുകൾ. മെയ് 20ന് തമിഴ്‌നാട്ടില്‍ നിന്ന് ബസില്‍ വന്ന 23 വയസുള്ള കോടോം ബേളൂര്‍ സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു. കുവൈത്തില്‍ നിന്ന് വന്ന മടിക്കൈ, കുറ്റിക്കേല്‍ സ്വദേശികൾ, ഷാര്‍ജയില്‍ നിന്ന് വന്ന ചെങ്കള സ്വദേശി, ഖത്തറില്‍ നിന്ന് വന്ന കുമ്പളയിലെ സ്ത്രീക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. വീടുകളില്‍ 3065 പേരും ആശുപത്രികളില്‍ 551 പേരുമുള്‍പ്പെടെ ജില്ലയില്‍ 3616 പേരാണ് നിരീക്ഷണത്തിലുള്ളത്. 407 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. പുതിയതായി 39 പേരെ നീരിക്ഷണത്തില്‍ പ്രവേശിപ്പിച്ചു.