കാസര്‍കോട്: ആശ്വാസത്തിന്‍റെ ദിനങ്ങള്‍ക്ക് ശേഷം കാസര്‍കോട് വീണ്ടും കൊവിഡ് ഭീതിയില്‍. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച പൊതുപ്രവർത്തകന്‍റെ സമ്പർക്ക പട്ടികയിൽ ഡോക്ടറും ആരോഗ്യ പ്രവർത്തകരും ഉൾപ്പെട്ടതോടെ ജില്ലാ ആശുപത്രിയിലെ ക്യാൻസർ ഒ.പി അടച്ചു. ഇയാളുടെ സമ്പർക്കത്തിലാണ് ജില്ലാ ആശുപത്രിയിലെ നഴ്സിന് വൈറസ് ബാധ ഉണ്ടായത്. ആശുപത്രിയിൽ ഉൾപ്പെടെ പലയിടങ്ങളിലും ഇയാൾ എത്തിയെന്നാണ് വ്യക്തമാകുന്നത്.
ഒരു രോഗിയെയും കൊണ്ട് ജില്ലാ ആശുപത്രിയിലെ കാൻസർ വാർഡിൽ എത്തിയിരുന്നു. ഇതോടെയാണ് ഡോക്ടറും നഴ്സുമാരുമടക്കം നിരീക്ഷണത്തിൽ പോകേണ്ടി വന്നതും കാൻസർ ഒപി അടച്ചിടുന്ന സ്ഥിതിയുണ്ടായതും. ഇയാൾ നാട്ടിലെ കമ്മ്യൂണിറ്റി കിച്ചൺ സന്ദർശിച്ചതായും വിവരമുണ്ട്. ഒട്ടേറെ പാർട്ടി പ്രവർത്തകരുമായും നേതാക്കളുമായും ജനങ്ങളുമായും ഇയാള്‍ ബന്ധപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ സമ്പർക്ക പട്ടികയിലുള്ളവരെ മുഴുവൻ കണ്ടെത്തുകയെന്നത് ആരോഗ്യ വകുപ്പിനെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുണ്ടാക്കുന്നു.
കാൻസർ രോഗിയെ എക്സ് റേയ്ക്ക് വിധേയമാക്കിയ ആരോഗ്യ പ്രവർത്തകയാണ് കൊവിഡ് സ്ഥിരീകരിക്കപ്പെട്ട ജില്ലാ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക. മഹാരാഷ്ട്രയിൽ നിന്നും അതിർത്തി കടന്നെത്തിയ ബന്ധുവിൽ നിന്നും പൊതുപ്രവർത്തകൻ ഉൾപ്പെടെ കുടുംബത്തിലെ നാല് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ ദ്വിതീയ സമ്പർക്ക പട്ടികയിലുൾപ്പെടെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടതാണ് ആശങ്കപ്പെടുത്തുന്നത്.
കൊവിഡ് സ്ഥിരീകരിച്ച പഞ്ചായത്ത് അംഗം കൂടിയായ പൊതുപ്രവർത്തകന്‍റെ ഭാര്യ പഞ്ചായത്ത് ഭരണ സമിതി യോഗത്തിലും പങ്കെടുത്തതായാണ് സൂചന. അതേസമയം കൊവിഡ് പ്രോട്ടോകോൾ ലംഘിച്ച് ബന്ധുവിനെ അതിർത്തിയിൽ നിന്നും കൊണ്ടുവന്ന പൊതുപ്രവർത്തകനെതിരെ കേസെടുക്കുമെന്ന് ജില്ലാ കലക്ടർ ഡോ.ഡി സജിത് ബാബു പറഞ്ഞു.