കാസര്‍കോട്: ജില്ലക്ക് ഇന്ന് നിർണായക ദിനമെന്ന് ജില്ലാ കലക്‌ടർ ഡോ.ഡി.സജിത്ത് ബാബു. രണ്ടാം രോഗിയുടെ സമ്പർക്കപ്പട്ടികയിലുള്ളവരുടേതടക്കം77 പേരുടെ പരിശോധന ഫലം ഇന്ന് ലഭിക്കും. രോഗികളുടെ എണ്ണത്തിന്‍റെ കാര്യത്തിലും ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളുടെ കാര്യത്തിലുമാണ് കാസര്‍കോട് ഏറെ ആശങ്കപ്പെടുന്നത്. ജില്ലയിൽ രണ്ടാമത് രോഗം സ്ഥിരീകരിച്ചയാളുടെ സമ്പർക്കപ്പട്ടികയിൽ എത്ര പേർക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നതാണ് ഇനി വ്യക്തമാകാനുള്ളത്. ഇത് സ്ഥിരീകരിക്കപ്പെടുന്നതുവരെ ആശങ്ക ശക്തമാണെന്നും കലക്‌ടര്‍ അറിയിച്ചു.
അതേസമയം ജില്ലയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഫലപ്രദമായി നടപ്പായി തുടങ്ങി. വൈകീട്ടോടെ കൂടുതൽ നിയന്ത്രണങ്ങളും സംവിധാനങ്ങളും ജില്ലയിൽ നിലവിൽ വരും. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതിനൊപ്പം പൊതുജനത്തിന് ഭക്ഷ്യവസ്തുക്കൾ ഉറപ്പുവരുത്താനുള്ള സംവിധാനങ്ങളും ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ട്. ഇതിന് സന്നദ്ധ പ്രവർത്തകരെ നിലവിൽ ആവശ്യമില്ല. ഇത്തരത്തിൽ ആരെങ്കിലും രംഗത്തിറങ്ങിയാൽ അറസ്റ്റ് ചെയ്യാനും നിർദേശിച്ചിട്ടുണ്ട്. ഐജി വിജയ് സാഖറെയുടെ നേതൃത്വത്തിൽ നിയന്ത്രണങ്ങൾ കർക്കശമാക്കിയിട്ടുണ്ട്. ജില്ലയിലുടനീളം പൊലീസിനെ വിന്യസിച്ചതോടെ പൊതുജീവിതം നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.