കാസർകോട്: ബളാലില്‍ സഹോദരിക്ക് ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് തെളിവെടുപ്പിന് എത്തിച്ചു. എലി വിഷം വാങ്ങിയ വെള്ളരിക്കുണ്ട് ടൗണിലെ കട, ഐസ്‌ക്രീം ഉണ്ടാക്കാന്‍ ആവശ്യമായ സാധനങ്ങള്‍ വാങ്ങിയ ബേക്കറി എന്നിവിടങ്ങളില്‍ പ്രതിയെ എത്തിച്ചാണ് തെളിവെടുത്തത്. എലി വിഷം ഉള്ളില്‍ ചെന്ന് കഴിഞ്ഞ ദിവസമാണ് ആന്‍ മേരി മരിക്കുന്നത്. പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് സഹോദരന്‍ ആല്‍ബിന്‍ ബെന്നിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചത്. പിന്നീട് ആല്‍ബിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി.
ഭക്ഷണത്തിൽ വിഷം കലർത്തി എങ്ങനെ കൊലപ്പെടുത്തുമെന്ന് പ്രതി പഠിച്ചത് ഇന്‍റർനെറ്റ് സഹായത്തോടെയാണ്. ഇതിനായി പ്രതി ഉപയോഗിച്ചത് പിതാവ് സമ്മാനമായി കൊടുത്ത സ്‌മാർട്ട് ഫോണായിരുന്നു. സംഭവം നടക്കുന്നതിന് ഒരാഴ്‌ച മുമ്പാണ് പിതാവ് ബെന്നി മകന് സ്‌മാർട്ട് ഫോൺ സമ്മാനമായി നൽകിയത്. സമൂഹ മാധ്യമങ്ങൾ വഴി ഭർതൃമതികളായ നിരവധി യുവതികളുമായി ആൽബിൻ സൗഹൃദങ്ങൾ സ്ഥാപിച്ചെടുത്തിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ആൽബിൻ്റെ മൊഴി പ്രകാരം പുതിയ സ്‌മാർട്ട് ഫോൺ ലഭിച്ച ഒരാഴ്‌ചക്കാലം കൊണ്ടാണ് ഇന്‍റർനെറ്റ് സഹായത്തോടെ എലി വിഷത്തിൻ്റെ വീര്യം, ഭക്ഷണത്തിൽ എത്ര അളവ് എലി വിഷം കലർത്തണം എന്നതടക്കമുള്ള കാര്യങ്ങൾ പഠിച്ചെടുത്തത്. വീട്ടില്‍ ഐസ്‌ക്രീം തയ്യാറാക്കുമ്പോള്‍ ഇവ വിദഗ്‌ധമായി പ്രാവർത്തികമാക്കുകയായിരുന്നു. ബാക്കിവന്ന ഐസ്‌ക്രീം വളർത്തുനായക്ക് നൽകാൻ അമ്മ പറഞ്ഞിരുന്നെങ്കിലും അങ്ങനെ ചെയ്യാതെ ആൽബിൻ ഐസ്‌ക്രീം നശിപ്പിച്ചുകളയുകയായിരുന്നു. വിഷം ഉള്ളില്‍ ചെന്ന് ആല്‍ബിന്‍റെ മാതാപിതാക്കളും ആശുപത്രിയിലാണ്. അഞ്ച് ഏക്കറോളം വരുന്ന സ്വത്ത് തട്ടിയെടുക്കാനാണ് കുടുംബത്തെ ഒന്നടങ്കം കൊലപ്പെടുത്താന്‍ പദ്ധതിയിട്ടതെന്നാണ് പ്രതിയുടെ മൊഴി. തെളിവെടുപ്പിന് ശേഷം പ്രതിയെ ഹൊസ്‌ദുർഗ് കോടതിയിൽ ഹാജരാക്കും.