കാസർകോട്: പത്താം ക്ലാസ് വിദ്യാർഥിനി ഷുഹൈലയുടെ ദുരൂഹ മരണത്തിൽ പൊലീസിനെതിരെ കുടുംബം. ആത്മഹത്യ പ്രേരണ വ്യക്തമാക്കുന്ന തെളിവുകൾ ഉണ്ടായിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്നാണ് കുടുംബത്തിന്‍റെ ആരോപണം. എസ്.എസ്.എൽ.സി പരീക്ഷ തുടങ്ങുന്നതിന്‍റെ തലേ ദിവസം മാർച്ച് 30നാണ് ബോവിക്കാനം സ്വദേശിനി ഷുഹൈലയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഷുഹൈല ഉപയോഗിച്ചിരുന്ന ഫോൺ വിശദമായി പരിശോധിച്ചപ്പോഴാണ് മരണത്തിൽ ദുരൂഹതയുണ്ടെന്ന സംശയം ബലപ്പെട്ടത്. ഫോൺ രേഖകളിൽ ഷുഹൈലയെ നാല് യുവാക്കൾ സ്ഥിരമായി ബന്ധപ്പെട്ടിരിന്നുവെന്നും അതിലൊരു യുവാവ് സംഭവം നടക്കുന്നതിന്‍റെ ഒരു മണിക്കൂർ മുമ്പ് ഷുഹൈലയുടെ ഫോണിലേക്ക് വിളിച്ചിരുന്നുവെന്നും വ്യക്തമായി. ഇത് സംബന്ധിച്ച എല്ലാ തെളിവുകളും പൊലീസിന് നൽകിയിട്ടും അന്വേഷണം എങ്ങുമെത്തിയില്ലെന്ന് കുടുംബം ആരോപിക്കുന്നു.
കുറ്റാരോപിതരായവരെ രക്ഷിക്കാൻ ഇടപെടലുണ്ടായിട്ടുണ്ടെന്നാണ് ബന്ധുക്കളുടെ സംശയം. കേസിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് അടുത്ത ദിവസം മുഖ്യമന്ത്രിക്ക് ഷുഹൈലയുടെ കുടുംബം പരാതി നൽകും.