കാസർകോട്: ജില്ലയിലെ നേന്ത്രവാഴ കർഷകർ കടുത്ത പ്രതിസന്ധിയിൽ. ഉൽപന്നത്തിന് മാന്യമായ വില ലഭിക്കാത്തതോടെ വലിയ സാമ്പത്തിക ബാധ്യതയിലേക്ക് നീങ്ങുകയാണ് കർഷകർ. നേന്ത്ര വാഴകളുടെ നാടെന്നറിയപ്പെടുന്ന മടിക്കൈയിൽ 100 ഹെക്ടറിനടുത്തുള്ള ഭൂമിയിലാണ് വാഴകൃഷിയുള്ളത്. 500ലധികം കർഷക കുടുംബങ്ങളുടെ ജീവിത മാർഗം കൂടിയാണ് നേന്ത്രവാഴ കൃഷി. വർഷം തോറും രണ്ടരക്കോടിയലധികം രൂപയുടെ കച്ചവടം നടന്നിരുന്ന പ്രദേശത്തെന്നാൽ, ഇത്തവണ കാര്യങ്ങൾ തകിടം മറിഞ്ഞു.
നിലവിൽ ഒരു കിലോഗ്രാം പച്ചക്കായ്‌ക്ക് 18 മുതൽ 26 രൂപ വരെയാണ് കർഷകർക്ക് ലഭിക്കുന്നത്. എന്നാൽ, കടകളിലാവട്ടെ 40 രൂപ വരെ ഈടാക്കുന്നുണ്ട്. കൊവിഡ് പശ്ചാത്തലത്തിൽ കേരളത്തിന് പുറത്തുള്ള സംസ്ഥാന വിപണികളും ഇല്ലാതായിയിരിക്കുകയാണ്. ഉൽപന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിന് കൃഷിവകുപ്പും ശ്രമിക്കുന്നുണ്ട്. സംസ്ഥാനത്തിനകത്ത് തന്നെയുള്ള സാധ്യതകളെ ഉപയോഗപ്പെടുത്താനാണ് അധികൃതരുടെ ശ്രമം. ജൂൺ മുതൽ ആരംഭിച്ച വിളവെടുപ്പ് അടുത്ത മാസവസാനത്തോടെ അവസാനിക്കും. വിലത്തകർച്ചയ്ക്കൊപ്പം ഉൽപാദനം കൂടി കുറഞ്ഞതോടെ ഇത്തവണ കർഷകരുട പ്രതിസന്ധി പറഞ്ഞറിയിക്കാനാവാത്തതാണ്.