കാസർകോട്: "രാവിലെ റബ്ബർ വെട്ടാൻ പോയപ്പോൾ കൂട്ടമായി എത്തിയ കാട്ടു പന്നികൾ കുത്തി വീഴ്ത്തി. ഇപ്പോൾ എഴുനേൽക്കാൻ പോലും വയ്യ. ജീവൻ തിരിച്ചു കിട്ടിയത് തന്നെ ഭാഗ്യം".... കാട്ടു പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ അന്നമ്മയുടെ ഭീതി ഇപ്പോഴും മാറിയിട്ടില്ല.
കഴിഞ്ഞ ദിവസം ഭീമനടി സ്വദേശിയായ അന്നമ്മയ്ക്ക് കാട്ടുപന്നികളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. വീടിന് സമീപമുള്ള തോട്ടത്തിൽ പണിയെടുക്കുന്നതിനിടെയാണ് അന്നമ്മയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. അന്നമ്മ ഇപ്പോൾ ചികിത്സയിലാണ്.
ജില്ലയിയുടെ മലയോര മേഖലയിൽ കാട്ടുപന്നി ഉൾപ്പടെയുള്ള വന്യമൃഗങ്ങളുടെ ആക്രമണം രൂക്ഷമാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ മൂന്ന് പേരുടെ ജീവനാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ നഷ്‌ടമായത്. നിരവധി പേർക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. ഏക്കറുകണക്കിന് കൃഷിയിടങ്ങളാണ് മൃഗങ്ങളുടെ ആക്രമണത്തില്‍ നശിച്ചത്.
രാത്രികാലങ്ങളിൽ മാത്രം ഇറങ്ങിയിരുന്ന കാട്ടുപന്നികൾ ഇപ്പോൾ പകലും കൂട്ടമായി കൃഷിയിടങ്ങളിലെത്തുന്നത് ജനങ്ങളില്‍ ആശങ്കയുണ്ടാക്കുന്നു. വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായതോടെ നിരവധി കർഷകരാണ് കൃഷി ഉപേക്ഷിക്കാൻ ഒരുങ്ങുന്നത്. രാത്രികാലങ്ങളിൽ ഉറക്കമൊഴിച്ച് കൃഷിയിടങ്ങളില്‍ കാവലിരുന്നിട്ടും ഫലമില്ലെന്ന് കർഷകർ പറയുന്നു. പകല്‍ സമയത്തും വന്യമൃഗങ്ങളുടെ ശല്യമുള്ളതിനാല്‍ ജീവന്‍ പോലും അപകടത്തിലാണെന്ന് പ്രദേശവാസികള്‍ പറയുന്നു.